തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിരുദ്ധ ശക്തികളെ ഒരുമിച്ചുനിർത്തിയതുകൊണ്ടാണ് യുഡിഎഫിന് ഭൂരിപക്ഷം ഉയർത്താനായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്‍റെ വോട്ട് 59,839ല്‍ നിന്ന് 72,770 ആയി ഉയർന്നത് ബിജെപിയുടെയും ട്വറ്റി-20 പോലുള്ള ചെറിയ പാർട്ടികളുടെ വോട്ടുകൾ ചേർന്നാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 15,483 വോട്ടാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ അത് 12,995 ആയി കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകൾ ലഭിച്ച ബിജെപി വോട്ടുകൾ തുടർച്ചയായി യുഡിഎഫിലേക്ക് നീങ്ങുന്ന പ്രവണതയാണ് ഇത്തവണയും തുടരുന്നതെന്നും കോടിയേരി ആരോപിച്ചു.
തൃക്കാക്കരയിൽ നടന്നത് കെ റെയിലിന്‍റെ ഹിത പരിശോധനയല്ല. അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകും. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് സംഭവിച്ചത് വലിയ പരാജയമല്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ ഇടത് മുന്നണിക്ക് 2244 വോട്ടിന്‍റെ വര്‍ധനവുണ്ടായി.
എന്നാൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. ഇടതുമുന്നണിയുടെ അടിത്തറയ്ക്ക് ഈ മണ്ഡലത്തിൽ കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാർലമെന്‍റില്‍ 20 ൽ 19 ഉം എൽഡിഎഫ് തോറ്റു. എന്നാലും ശക്തമായി തിരികെ വരാൻ സാധിച്ചു. ജനവിധി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്.
ബൂത്ത് തലം വരെ പരിശോധന നടത്തും. പ്രവത്തനങ്ങളനുസരിച്ച് വോട്ടിൽ ഈ വർധന പോര എന്ന് പാർട്ടി വിലയിരുത്തി. ഒരു തെരഞ്ഞെടുപ്പിൽ തോറ്റാല്‍ എല്ലാം പോയെന്നോ ജയിച്ചാൽ എല്ലാം ലഭിച്ചുവെന്നോ കരുതുന്നവരല്ല തങ്ങള്‍. തൃക്കാക്കര യുഡിഎഫിന്‍റെ ശക്തികേന്ദ്രമാണ്. അവിടെ ജയിക്കുക എളുപ്പമല്ലെന്ന വസ്തുത അംഗീകരിക്കുന്നു. എത്ര പ്രതിസന്ധി ഉണ്ടായാലും ജയിക്കാൻ സാധിക്കുന്ന മുപ്പതിൽപരം യുഡിഎഫ് സീറ്റുകളുണ്ട്. അതിലൊന്നാണ് തൃക്കാക്കരയാണ്.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചത് ആശുപത്രിയിൽവെച്ചാണെന്ന വാദവും കോടിയേരി തള്ളി. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. ജോ ജോസഫ് സഭാ സ്ഥാനാർഥിയാണെന്ന പ്രചാരണം തിരിച്ചടിയായിട്ടില്ല.
തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പിസി ജോർജ് എത്തിയതുകൊണ്ട് ഒരു നേട്ടവും കോട്ടവും സംഭവിച്ചില്ല. ഒരാളുടെ പ്രസംഗം കൊണ്ട് വോട്ട് കൂടുമെന്നോ കുറയുമെന്നോ കരുതുന്നില്ല. ബിജെപി വിലയിരുത്തേണ്ട കാര്യമാണിതെന്നും കോടിയേരി പറഞ്ഞു.
Also Read: തൃക്കാക്കരയിലും വിരിഞ്ഞില്ല, പിസി വന്നെങ്കിലും കര തൊടാതെ താമര...