തിരുവനന്തപുരം: 14കാരിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. തമ്പാനൂർ സ്വദേശി രാജേഷ്(31)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ പ്രതി അനുഭവിക്കണം.
2012 കാലഘട്ടത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 2012 ഡിസംബർ 18ന് പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് തമ്പാനൂർ സ്വദേശിനിയായ പെൺകുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. രണ്ട് വർഷം പ്രതി പെൺകുട്ടിയെ തൻ്റെ വീട്ടിൽ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു.
2014ൽ പെൺകുട്ടി പനി പിടിച്ച് ആശുപത്രിയിൽ ചികിൽസയിലായി. ഇതിന് ശേഷം പ്രതി പെൺകുട്ടിയെ കാണാൻ പോയില്ല. പ്രതിയുടെ അമ്മയോട് തിരക്കിയപ്പോൾ 18 വയസ് തികയുമ്പോൾ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. എന്നാൽ പ്രതി പെൺകുട്ടിയെ കബളിപ്പിച്ചിട്ട് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടർന്ന് പെൺകുട്ടി കന്‍റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. പിഴ തുക പെൺകുട്ടിക്ക് നൽക്കാനും കോടതി വിധിച്ചു. സർക്കാർ പെൺകുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
Also Read: സ്വർണക്കടത്ത് അറിഞ്ഞിട്ടും എം.ശിവശങ്കർ മറച്ചുവച്ചുവെന്ന് കസ്റ്റംസ് കോടതിയിൽ