തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിലെ റെസിഡന്‍റ് വനിത ഡോക്‌ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ പ്രതിഷേധിച്ച് പി.ജി അസോസിയേഷന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ പ്രതിഷേധ ധർണയും മാർച്ചും സംഘടിപ്പിച്ചു. സംഭവത്തിൽ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തിരുവനന്തപുരം ഘടകവും കെജിഎംസിടിഎയും ശക്തമായി പ്രതിഷേധിച്ചു.
പ്രതിയെ പിടിച്ചില്ലെങ്കില്‍ സമരം: കുറ്റവാളിയെ ഉടൻ അറസ്‌റ്റ് ചെയ്ത് ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാൻ സർക്കാർ എത്രയും വേഗം മുൻകൈയെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ആശുപത്രി അക്രമങ്ങൾ തുടർന്നാൽ അത് ഡോക്‌ടർമാരുടെ മനോവീര്യത്തെ തകർക്കുകയും സാധാരണക്കാരുടെ ചികിത്സയെ ബാധിക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി. അക്രമകാരികളെ മുൻകൂർ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ആശുപത്രി സംരക്ഷണ നിയമം ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോക്‌ടർമാർ ആവശ്യപ്പെട്ടു. പ്രതിയെ ഉടൻ പിടികൂടി നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് മരണ വിവരമറിയിച്ച ഡോക്‌ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തിയത്. വനിത ഡോക്‌ടർ നിലവില്‍ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും ആക്രമണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.