തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ലൈഫ് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ ധൂർത്തെന്ന് ആക്ഷേപം. ലൈഫ് പദ്ധതിയിൽ രണ്ട് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്‍റെയും തിരുവനന്തപുരം ജില്ലയിൽ വീട് ലഭ്യമായവരുടെ കുടുംബ സംഗമം സംഘടിപ്പിച്ചതിലും അധികം തുക ചെലവാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഫെബ്രുവരി 29ന് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിന് 33 ലക്ഷം രൂപയാണ് ചെലവാക്കിയത്. മുഖ്യമന്ത്രിയാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്.
30 ലക്ഷം രൂപ ചെലവ് വകയിരുത്തിയ ചടങ്ങിൽ മൂന്ന് ലക്ഷം രൂപ അധികമായി ചെലവാക്കി. സർക്കാർ അനുമതിയില്ലാതെയാണ് ലൈഫ് മിഷൻ തുക അധികമായി വിനിയോഗിച്ചതെന്നാണ് ആരോപണം. സമയപരിമിതി കാരണം നേരിട്ട് നടത്തേണ്ട പദ്ധതികൾ ഉണ്ടായിരുന്നതിനാലാണ് കൂടുതൽ തുക ചെലവായതെന്നാണ് ലൈഫ് മിഷന്‍റെ വിശദീകരണം.