തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസുകളുടെ സര്‍വീസ് തടഞ്ഞ് ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യു. സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടുകളിൽ ഇന്ന് മുതൽ സ്വിഫ്‌റ്റിന്‍റെ ഇലക്ട്രിക് ബസുകൾ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്‍റെ പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് സി.ഐ.ടി.യു പ്രവർത്തകർ ബസ് തടഞ്ഞത്.
തിങ്കളാഴ്‌ച (ഓഗസറ്റ് ഒന്ന്) രാവിലെ 7.30ന് ബസ്, യാത്രയ്‌ക്ക് കൊണ്ടുപോവാന്‍ ഡ്രൈവര്‍ എത്തിയ ഉടനെ തടയുകായിരുന്നു. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടുകളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസുകൾ എത്തിയാൽ തടയുമെന്നാണ് സി.ഐ.ടി.യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും ബസ് തടയാനാണ് തീരുമാനം.
ALSO READ| കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി; ഇലക്‌ട്രിക് ബസ് സർവീസില്‍ ഇടഞ്ഞ് യൂണിയനുകള്‍
അതേസമയം, ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകൾ ഇന്നലെ (ജൂലൈ 31) തന്നെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാനായി സി.എം.ഡി ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പ്രഹസനമായിരുന്നു എന്നാണ് സി.ഐ.ടിയുവിന്‍റെ പ്രതികരണം.
ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ട് വരരുതെന്നാണ് ചർച്ചയിൽ യൂണിയനുകൾ നിലപാടെടുത്തത്. ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.