തിരുവനന്തപുരം: എംജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് ഏരിയ വാടകയ്‌ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നഗരസഭ. ആയുര്‍വേദ കോളജിന് സമീപം ദേവസ്വംബോര്‍ഡ് ബില്‍ഡിങ്ങിന് മുന്‍വശത്തെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു സൂചിപ്പിച്ചിരുന്നത്. ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടർന്ന് അനുമതി നൽകുകയും ചെയ്‌തു.
നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയാറാക്കിയ കരാറിൽ അതുവഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിങ്ങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ വിശദീകരണക്കുറിപ്പിൽ പറയുന്നു.
എംജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് നഗരസഭ പാർക്കിങ്ങിന് അനുമതി നൽകിയത്. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. പൊതുമരാമത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകയ്‌ക്ക് നൽകിതാണോയെന്നാണ് പരിശോധിക്കുന്നത്.