തിരുവനന്തപുരം : സമര ഗേറ്റെന്ന് വിളിപ്പേര് പതിഞ്ഞ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന കവാടമായ നോർത്ത് വൺ ഗേറ്റ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം തുറന്നു. 2019 ല്‍ പുനരുദ്ധാരണത്തിനായി അടച്ചതായിരുന്നു ഈ പ്രധാന ഗേറ്റ്. പിന്നീട് കൊവിഡ് എത്തിയപ്പോഴും ഗേറ്റ് അടഞ്ഞ് കിടന്നു. കൊവിഡിന് ശേഷം സമരങ്ങള്‍ ശക്തമായതോടെ ഗേറ്റ് തുറക്കുന്നത് വൈകുകയായിരുന്നു.
നോര്‍ത്ത് വണ്‍ അടഞ്ഞുകിടന്നാലും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിഐപികളുടെയും സെക്രട്ടേറിയറ്റ് പ്രവേശനത്തിന് തടസമൊന്നുമില്ല. വര്‍ഷങ്ങളായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെത്തുന്നത് നോര്‍ത്ത് 2 ഗേറ്റായ കന്‍റോണ്‍മെന്‍റ് ഗേറ്റിലൂടെയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇവിടെ കര്‍ശന സുരക്ഷ പരിശോധനയാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക നിര്‍ദേശമുണ്ടെങ്കില്‍ മാത്രമേ പൊതുജനങ്ങളെയും മാധ്യമങ്ങളെയും ഈ വഴി സെക്രട്ടേറിയറ്റിനുള്ളിലേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കാറുള്ളൂ.
ഇന്ന് രാവിലെ ഗേറ്റ് തുറന്നയുടൻ ഗേറ്റിലൂടെ മന്ത്രി സജി ചെറിയാന്‍റെ എട്ടാം നമ്പര്‍ ഔദ്യോഗിക കാറെത്തി. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനായിരുന്നു വരവ്. തൊട്ടു പിറകില്‍ തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷും.
പിന്നാലെ വന്ന മന്ത്രി റിയാസിന് നിര്‍ദേശം കിട്ടിയിട്ടും പഴയ ഓര്‍മയില്‍ സെക്രട്ടേറിയറ്റിന്‍റെ പുറകിലേക്ക് പോകാന്‍ നോക്കിയെങ്കിലും ഉടൻ യു ടേൺ അടിച്ച് തിരിച്ചെത്തി. പ്രധാന ഗേറ്റ് തുറന്നതോടെ മന്ത്രിമാര്‍ക്ക് വഴിയൊരുക്കുന്ന ചുമതല വര്‍ഷങ്ങളായി സ്വയം ഏറ്റെടുത്ത് ചെയ്യുന്ന കരീമിക്ക എന്ന കരീമും ട്രാഫിക് നിയന്ത്രിക്കാന്‍ പ്രധാന ഗേറ്റിലെത്തി. എന്നാല്‍ മുഖ്യമന്ത്രി പഴയത് പോലെ കന്‍റോണ്‍മെന്‍റ് ഗേറ്റിലൂടെ തന്നെയാണ് സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചത്.
മന്ത്രിമാര്‍ക്ക് പുറമേ ഭിന്നശേഷിക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിഐപികള്‍ എന്നിവര്‍ക്കാണ് പ്രധാന ഗേറ്റിലൂടെ പ്രവേശനമുണ്ടാവുക. പൊതുജനങ്ങള്‍ക്ക് നിലവിലെ നിയന്ത്രണ സംവിധാന പ്രകാരം പാസ് എടുത്തതിനുശേഷം മറ്റ് ഗേറ്റുകളിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാം. ഗേറ്റ് തുറന്നെങ്കിലും സര്‍ക്കാരിനെതിരെ പ്രതിപക്ഷ സമരങ്ങള്‍ രൂക്ഷമായാല്‍ തുറന്ന ഗേറ്റ് അടഞ്ഞുതന്നെ കിടക്കും. സമരക്കാരെ നേരിടാന്‍ ഗേറ്റിനുമുന്നില്‍ പൊലീസ് ബാരിക്കേഡുയരും. സമരക്കാരെ തുരത്താന്‍ ജലപീരങ്കിയും സജ്ജമാക്കും.