തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കര ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച ശിവാ പാർക്ക് കാടുകയറി നശിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. അരുവിക്കര ഡാം സന്ദർശിക്കുന്നവർക്ക് വിശ്രമത്തിനും, കുട്ടികള്‍ക്ക് ഉല്ലാസത്തിനുമായി എംപി ഫണ്ടുപയോഗിച്ച് നിർമിച്ച പാർക്കിനാണ് ഈ ദുരവസ്ഥ. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ആവശ്യമായ കളി ഉപകരണങ്ങൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള ശിവാ പാർക്കാണ് അധികൃതരുടെ അനാസ്ഥ കാരണം ഇന്ന് കാടുകയറി നശിക്കുന്നത്. അരുവിക്കര ഡാമും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തി കെടിഡിസി നടപ്പിലാക്കിയ ടൂറിസം പ്രോജക്റ്റിന്‍റെ ഭാഗമായിട്ടാണ് ഡാമിനോട് ചേർന്നുള്ള 35 സെന്‍റ് സ്ഥലത്ത് പാർക്ക് നിർമിച്ചത്.
തുടക്കം മുതൽ പാർക്ക് സംരക്ഷിക്കുന്ന കാര്യത്തിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്. പാർക്കിന് ഒപ്പം തുടങ്ങിയ കോഫി ഷോപ്പുകൾ, കഫറ്റേരിയ എന്നിവയെല്ലാം അടച്ചുപൂട്ടിയിട്ടു നാളുകളേറെയായി. തുടക്കത്തിൽ താൽക്കാലിക ജീവനക്കാരെ പാർക്കിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്നുവെങ്കിലും നിലവിൽ ജീവനക്കാരാരുമില്ല. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ശിവാ പാർക്ക് അധികൃതരുടെ അനാസ്ഥ കാരണം നാട്ടുകാരും ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ഇതോടെ തെരുവ് നായ്ക്കളുടെയും ഇഴ ജന്തുക്കളുടെയും ആവാസകേന്ദ്രമായിരിക്കുകയാണ് ഇവിടം. കൊവിഡ് കാലത്ത് മാനദണ്ഡങ്ങളോടെ ടൂറിസം മേഖല സജീവമാണെങ്കിലും പാർക്കിന്‍റെ കവാടം സന്ദർശകർക്ക് മുമ്പിൽ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു.