തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസിന് ധനമന്ത്രി ടി.എം തോമസ് ഐസക് വിശദീകരണം നൽകും. റിപ്പോർട്ടിലെ സി.എ.ജിയുടെ ചട്ടവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർക്ക് വിശദീകരണം നൽകുന്നത്. കരട് റിപ്പോർട്ടിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഏകപക്ഷീയമായി സി.എ.ജി കൂട്ടി ചേർത്തു എന്നാണ് ധനമന്ത്രിയുടെ നിലപാട്.
കിഫ്ബിക്കെതിരെയുള്ള സി.എ.ജി റിപ്പോർട്ടിലെ വിമർശനങ്ങൾക്കെതിരെ ഐസക് പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നാലെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പരസ്യമാക്കിയത് നിയമസഭയുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്. തുടർന്ന് സ്‌പീക്കർ ധനമന്ത്രിയോട് വിശദീകരണം തേടുകയായിരുന്നു. ഇന്നലെ കിഫ്ബി മസാല ബോണ്ടിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു.