തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചടയമംഗലം,ഹരിപ്പാട്,പറവൂര്‍,നാട്ടിക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. പ്രാദേശിക എതിര്‍പ്പിനെ അവഗണിച്ച് ചടയമംഗലത്ത് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ചിഞ്ചുറാണിക്ക് സീറ്റ് നല്‍കാനാണ് സാധ്യത. ഹരിപ്പാട് എഐഎസ്എഫ് സംസ്ഥാന ഭാരവാഹി സജി ലാലിനെയാണ് പരിഗണിക്കുന്നത്. നാട്ടിക മണ്ഡലത്തില്‍ ഗീത ഗോപിക്ക് വീണ്ടും അവസരം നല്‍കണോ എന്ന കാര്യത്തിലും സിപിഐ സംസ്ഥാന സെന്‍റർ ഇന്ന് തീരുമാനമെടുക്കും. പറവൂര്‍ മണ്ഡലത്തില്‍ ആര് വേണമെന്നതും യോഗം ചര്‍ച്ച ചെയ്യും.
പൊതുസ്വതന്ത്രന്‍ എന്ന തീരുമാനത്തിലാണ് സിപിഐയുള്ളത്. ഇത് ആരെന്നതിലാണ് ചര്‍ച്ച നടക്കുക. 25 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഐ ആദ്യ ഘട്ടത്തില്‍ 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരുന്നത് .ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് വനിത സ്ഥാനാര്‍ഥിയുള്ളത്. ഇതുകാരണമാണ് ചടയമംഗലത്ത് പ്രാദേശിക എതിര്‍പ്പുകള്‍ അവഗണിച്ച് ചിഞ്ചുറാണിയെ മത്സരിപ്പിക്കാന്‍ വാശിപിടിക്കുന്നത്. എന്നാല്‍ ചടയമംഗലം, കടയ്ക്കല്‍ മണ്ഡലം കമ്മിറ്റികളില്‍ ഈ തീരുമാനം വലിയ എതിര്‍പ്പിന് വഴിവച്ചിരുന്നു. ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രാദേശിക നേതാവ് എ.മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം.