തിരുവനന്തപുരം: വിഎം സുധീരന്‍റെ രാജിയോടെ കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങള്‍ക്കിടെ തിരക്കിട്ട അനുനയ നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കെപിസിസി അധ്യക്ഷൻ മുൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വീട്ടിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അടിയുറച്ച കോൺഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന് താരിഖ് അൻവർ പറഞ്ഞു. സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നത്. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാണ് നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. മുല്ലപ്പള്ളിയുടെ നിർദേശങ്ങൾ പാർട്ടിക്ക് അനിവാര്യമാണ്. അച്ചടക്കമുള്ള നേതാവാണ് മുല്ലപ്പള്ളി എന്നും താരിഖ് അൻവർ പറഞ്ഞു.
പാര്‍ട്ടിയില്‍ പരിഗണനയില്ലെന്ന് മുല്ലപ്പള്ളി
അതേസമയം താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് മുല്ലപ്പള്ളി നടത്തിയത്. നേതൃത്വം മാന്യത കാട്ടിയില്ലെന്ന് എഐസിസിയോട് മുല്ലപ്പള്ളി പരാതിപ്പെട്ടു. മുൻ അധ്യക്ഷൻ എന്ന പരിഗണനപോലും നൽകിയില്ല.
ചർച്ചകൾ എന്നപേരിൽ പ്രഹസനം അല്ല വേണ്ടത്. നയപരമായ കാര്യങ്ങളിൽ എങ്കിലും കൂടിക്കാഴ്ച ഉറപ്പാക്കണം. ഗ്രൂപ്പില്ല എന്ന് പറഞ്ഞാൽ പോരാ അത് പ്രാവർത്തികമാക്കണം. തന്‍റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് അട്ടഹസിച്ചവരാണ് ഇപ്പോൾ നേതൃത്വത്തിലുള്ളത്.
കൂടുതല്‍ വായനക്ക്: പുരാവസ്‌തു തട്ടിപ്പ്; മോൺസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമെന്ന് ആരോപണം
കൂട്ടായ ചർച്ചകളും ആശയവിനിമയവും പാർട്ടിയിൽ നടക്കുന്നില്ലെന്നും മുല്ലപ്പള്ളി അതൃപ്തി അറിയിച്ചു. അതിനിടെ വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന കെ സുധാകരന്‍റെ ആരോപണം മുല്ലപ്പള്ളി പരസ്യമായി തള്ളി. ഒരു സ്ലോട്ട് വച്ച് ഏതെങ്കിലും കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ല. മുതിർന്ന നേതാക്കൾ ആര് വിളിച്ചാലും ഫോൺ എടുക്കുന്നുണ്ട്. ആർക്കും അക്കാര്യത്തിൽ പരാതിയില്ല. സുധാകരന്‍റെ പ്രതികരണം എന്ത് അടിസ്ഥാനത്തിൽ എന്ന് തനിക്ക് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.