തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ എത്തിയ എ.ഐ.സി.സി സംഘത്തോട് നേതൃമാറ്റം ആവശ്യപ്പെട്ട് ടി. എൻ. പ്രതാപൻ എം പി. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് വോട്ട് ചോർച്ചയ്ക്ക് കാരണമായി. തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ഡി. സി.സി പ്രസിഡന്‍റുമാരെ മാറ്റണമെന്നും ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കണമെന്ന് പിസി ചാക്കോ പറഞ്ഞു. കോൺഗ്രസിന്‍റെ തോൽവിയിൽ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കെ സി ജോസഫും അടൂർ പ്രകാശും വ്യക്തമാക്കി.
മൂന്നുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വരുന്നതിനാൽ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണെന്ന് കെ സി ജോസഫ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്‍റെ ഏകോപനമില്ലായ്മ പരാജയത്തിന് കാരണമായെന്ന് വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. സോഷ്യൽ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാൻ നേതൃത്വത്തിന് കഴിയുന്നില്ല. വോട്ട് ചോർച്ച തിരിച്ചറിയാനും നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന് വിഡി സതീശൻ കൂടിക്കാഴ്ചയിൽ ഹൈക്കമാൻഡ് സംഘത്തെ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാന നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച നാളെയും തുടരും. ഇതിനു ശേഷം സമഗ്രമായ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറും.