ന്യൂഡല്‍ഹി: എപിജെ അബ്‌ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എംഎസിന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമം യുജിസി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.
സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റ് മുന്‍ ഡീന്‍ പി എസ് ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ഈ ഹർജിയിൽ വാദം കേട്ട കോടതി വൈസ് ചാന്‍സലര്‍ നിയമനം ചട്ടവിരുദ്ധമാണെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെർച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ടിയിരുന്നത്. 2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് വൈസ് ചാൻസലർ നിയമനമെന്ന് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ 2013ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, യുജിസിയുടെ അനുമതിയോടെയായിരുന്നു വൈസ് ചാൻസലർ നിയമനമെന്നായിരുന്നു സർക്കാർ നിലപാട്.