തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷകൾ നേരിട്ട് നടത്താമെന്ന സുപ്രീം കോടതി വിധിയില്‍ പരീക്ഷയ്ക്ക് തയാറായി കേരളം. വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ടൈം ടേബിളുകള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കേരളത്തില്‍ കൊവിഡ് കാലത്ത് നടത്തിയ പരീക്ഷകളില്‍ കോടതിക്ക് സംതൃപ്തിയുണ്ട്. എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി സ്‌കൂളുകളില്‍ എത്തിച്ച ചോദ്യ പേപ്പറുകള്‍ ഇപ്പോള്‍ പൊലീസ് കാവലിലാണ്. അണുനശീകരണ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നത് തടയണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കൊവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂളുകളില്‍ പരീക്ഷ നടത്താമെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്‌തികരമെന്നും വിലയിരുത്തി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയും പൊതു വിദ്യാഭ്യാസ ഡയറക്‌ടറും ഇന്ന് മുഖ്യമന്ത്രിയെ കാണും.
Also Read:കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി