തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ കീര്‍ത്തി സുരേഷ്, ടൊവീനോ തോമസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിയായി പങ്കെടുക്കും. 10മുതല്‍ 16വരെ തിരുവനന്തപുരത്തെ 29 വേദികളിലായി വര്‍ണശബളമായ പരിപാടികളോടെയാണ് ആഘോഷങ്ങൾ നടക്കുക.
വെള്ളായണിയാണ് ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന വേദി. ഒരാഴ്ചകാലം തലസ്ഥാനം പാരമ്പര്യകലകളുടേയും ആഘോഷങ്ങളുടേയും ആരവത്തിലേക്ക് എത്തുന്ന തരത്തിലാണ് വിനോദസഞ്ചാര വകുപ്പ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കനക്കുന്നില്‍ ഓണപതാക ഉയര്‍ത്തും. തിങ്കളാഴ്ച വൈദ്യുത ദീപലങ്കാരം സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്യും.
ഉത്രാടം നാളിലാണ് ഔദ്യോഗിക ഉദ്ഘാടനം. തുടര്‍ന്ന് കെ.എസ്.ചിത്ര നയിക്കുന്ന ഗാനമേള നടക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ അയ്യായിരത്തോളം കലാകരന്‍മാരുടെ പ്രകടനങ്ങള്‍ വിവിധ വേദികളിലായി നടക്കും. 16ന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനമാകുക. സമാപന ദിവസം കോവളം ലീല റാവിസില്‍ നടക്കുന്ന രാജ്യത്തെ ടൂറിസം മന്ത്രിമാരുടെ കോണ്‍ക്ലേവാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിലെ പ്രത്യേകത. പ്രളയത്തെ അതിജീവിച്ച കേരളത്തെ കുറിച്ച് വിവരിക്കാനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആറ് കോടി രൂപയാണ് ഓണം വാരാഘോഷങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.