തിരുവനന്തപുരം : എ ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പൂർണമായും തള്ളി കരാർ കമ്പനിയായ എസ്‌ആർഐടി. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട ഒരു രേഖയും മറച്ചുപിടിക്കേണ്ട ആവശ്യം കമ്പനിക്ക് ഇല്ലെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ മധു നമ്പ്യാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌ആർഐടി ഉപകരാർ നൽകിയ പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായി ബന്ധമുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി.
പ്രസാദിയോയുടെ എംഡി രാംജിത്തുമായി സംസാരിച്ചുവെന്നും കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞതായും മധു നമ്പ്യാർ വ്യക്തമാക്കി. അതേസമയം വസ്‌തുതകൾ മനസിലാക്കാതെ എസ്‌ആർഐടിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രണ്ട് മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെ വക്കീൽ നോട്ടിസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. സേഫ് കേരള പ്രൊജക്‌റ്റുമായി ബന്ധപ്പെട്ട് കെൽട്രോൺ പുറപ്പെടുവിച്ച ടെണ്ടർ കണ്ടിട്ടാണ് പങ്കെടുത്തത്.
ആറ് കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ് നടത്തിയാണ് പദ്ധതിയുടെ ഭാഗമായത്. 2021-2022 ൽ 23 കോടി രൂപ ജിഎസ്‌ടിയും അടച്ചു. പദ്ധതി ചെലവ് ന്യായമാണ്. കഴിഞ്ഞ സർക്കാർ 2013 ൽ 40 കോടിക്ക് 100 ക്യാമറ സ്ഥാപിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. ബൂട്ട് - ആന്വിറ്റി മാതൃകയിലാണ് സേഫ് കേരള പദ്ധതി.
എസ്‌ആർഐടിയുമായി ബന്ധപ്പെട്ട കമ്പനികൾ : പദ്ധതിക്കായി നടത്തിയ നിക്ഷേപം തന്നെ 100 കോടിയിലേറെ വരും. പദ്ധതി നടപ്പിലാക്കാനായി ലെറ്റർ ഓഫ് ഇന്‍റന്‍റ് ലഭിച്ചപ്പോൾ തന്നെ പ്രസാദിയോ, അൽഹിന്ദ് എന്നീ കമ്പനികൾ എസ്‌ആർഐടിയെ സമീപിച്ചിരുന്നു. പദ്ധതിയിൽ പ്രവർത്തിക്കുന്നതിന് താൽപര്യമറിയിക്കുകയും എഗ്രിമെന്‍റ് വയ്‌ക്കുകയും ചെയ്‌തു.
എന്നാൽ അൽഹിന്ദ് അവരുടെതായ സാങ്കേതിക കാരണങ്ങളാൽ പദ്ധതിയിൽ നിന്ന് പിന്മാറി. ഇതിന് പിന്നാലെയാണ് ലൈറ്റ് മാസ്റ്റർ എന്ന കമ്പനി വന്നത്. പ്രൊജക്‌റ്റ് ഫണ്ട് ക്രമീകരിക്കാൻ കഴിയാത്തതിനെ തുടർന്ന് അവർ കരാർ റദ്ദാക്കി. അതുകൊണ്ടുതന്നെ ഈ രണ്ട് കരാറുകളും ഇപ്പോൾ നിലവിലില്ല. പദ്ധതിക്കായി എസ്‌ആർഐടി പ്രോജക്‌റ്റ് ഫണ്ടിങ് പങ്കാളികളായ ഇ സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡിൽ നിന്നാണ് ഫണ്ട് ക്രമീകരിച്ചത്.
എണ്ണി പറഞ്ഞ് എസ്‌ആർഐടി : 2013ൽ കേരളത്തിൽ 40 കോടി രൂപ ചിലവാക്കി 100 ക്യാമറ സിസ്റ്റം സ്ഥാപിച്ചിരുന്നു. മാത്രമല്ല മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപറേഷൻ പൂനെ - മുംബൈ എക്‌സ്‌പ്രസ് ഹൈവേയിൽ 250 ഹൈ എന്‍ഡ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. 120 കോടി രൂപയാണ് പദ്ധതിയുടെ മൂല്യം. ഇവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ 726 എ ഐ ക്യാമറകളുടെ പദ്ധതി ചെലവ് ന്യായമാണെന്നും എസ്‌ആർഐടി വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് എസ്‌ആർഐടിക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും മധു നമ്പ്യാർ വ്യക്തമാക്കി. 75 കോടിയുടെ പദ്ധതി 151 കോടിക്ക് കരാർ എടുത്ത് എസ്‌ആർഐടി അമിത ലാഭം എടുക്കുന്നു എന്നാണ് ഒരു ആരോപണം. എന്നാൽ ഏഴ് വർഷം കൊണ്ട് കമ്പനിയുടെ ലാഭം 10 ശതമാനത്തിൽ താഴെയായാണ് കണക്കാക്കുന്നത്. 2022 മാർച്ചിൽ ആണ് പദ്ധതി പൂർത്തിയായത്.
ഇനി കേരളത്തിൽ ഒരു പ്രൊജക്‌റ്റിനില്ല : പദ്ധതി ആരംഭിക്കാൻ ഒരു വർഷം വൈകി. കാലതാമസം ഉണ്ടാകുംതോറും കമ്പനിയുടെ ലാഭവിഹിതം കുറയും. ആ കാലയളവിലും ബാങ്കിന് പലിശ നൽകണം. കേരളത്തിൽ സംരംഭം തുടങ്ങാൻ ബുദ്ധിമുട്ടാണെന്ന പ്രചരണം 2018 മുതൽ ഇവിടെയുണ്ട്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ വിവാദങ്ങളോട് വിവാദങ്ങളാണ്.
ഇത് രാഷ്‌ട്രീയ വിഷയമാണ്. പദ്ധതിയിൽ ആരോപണം വന്നതോടെ നിക്ഷേപകർ ആശങ്കയിലായി. കെ ഫോൺ പദ്ധതിയിൽ നിന്ന് പിന്മാറില്ല. എന്നാൽ കേരളത്തിൽ ഇനിയൊരു പദ്ധതിക്ക് ഇല്ലെന്നും മധു നമ്പ്യാർ വ്യക്തമാക്കി.