തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയമസഭയിൽ പ്രമേയം പാസാക്കുന്നത് പരിഗണിക്കുമെന്ന് സ്‌പീക്കർ എം.ബി രാജേഷ്. കാര്യോപദേശക സമിതി കൂടി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് സ്പീക്കറുടെ പ്രതികരണം.
നിയമസഭയിൽ കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. സഭാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ഡിജിറ്റലൈസേഷൻ വഴി നിയമസഭാ രേഖകൾ ഓൺലൈൻ വഴി ലഭ്യമാകും. നിയമസഭ പൂർണമായും കടലാസു രഹിതമാക്കുന്നത് വഴി വർഷം 25 കോടിയുടെ ലാഭമാണ് ഉണ്ടാകുക. നിയമസഭ ലൈബ്രറി പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കും. ലോക്‌സഭ, രാജ്യസഭ ടിവിയുടെ മാതൃകയിൽ സഭ ടിവിയെ മാറ്റുമെന്നും സ്‌പീക്കർ പറഞ്ഞു.
Also Read: ലക്ഷദ്വീപിലെ ഏക ഗുണ്ട പ്രഫുല്‍ ഖോഡ പട്ടേലെന്ന് കെ.മുരളീധരന്‍
ദേവികുളം എംഎൽഎ എ. രാജ തെറ്റായി സത്യപ്രതിജ്ഞ ചെയ്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ രാജയിൽ നിന്ന് മറുപടി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. വടകര എംഎൽഎ കെ.കെ രമ ബാഡ്‌ജ് ധരിച്ച് സഭയിലെത്തിയത് പെരുമാറ്റച്ചട്ടത്തിന് എതിരായ സാഹചര്യത്തിൽ ഇക്കാര്യവും പരിശോധിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.