തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരിനാഥനെ അറസ്റ്റുചെയ്‌ത വിവരം പുറത്തുവന്നതിന് പിന്നാലെ ശംഖുമുഖം അസ്റ്റിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. സ്ഥലത്ത് തടിച്ചു കൂടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം സംഘടിച്ച് മുദ്രാവാക്യം മുഴക്കി. ഇതിനിടെ, സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ, റോജി എം.ജോണ്‍ എം.എല്‍.എ എന്നിവര്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ നിയന്ത്രണം ലംഘിച്ച് സ്റ്റേഷനകത്തേക്ക് തള്ളിക്കയറി.
പൊലീസ് വാഹനങ്ങളിലടിക്കുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. സ്ഥലത്തെത്തിയ എം വിന്‍സെന്‍റ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, വി.എസ് ശിവകുമാര്‍ എന്നിവര്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് പൊലീസ് സ്റ്റേഷന് പുറത്തിറക്കുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെ കണ്ട് പുറത്തിറങ്ങിയ ഷാഫി പറമ്പില്‍, പൊലീസ് അറസ്റ്റ് ചെയ്‌തത് തെറ്റായ രേഖകള്‍ ചമച്ചാണെന്ന് ആരോപിച്ചു.
'എങ്ങനെ 11 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തും': 12.29നാണ് അറസ്റ്റുചെയ്‌ത വിവരം ശബരിനാഥനെ അറിയിക്കുന്നത്. 12.30ന് ശബരി ഒപ്പിട്ടുനല്‍കി. അപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ച പോലെ എങ്ങനെ 11 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഷാഫി ചോദിച്ചു. രാവിലെ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു മുന്‍പു തന്നെ ശബരിനാഥിനെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന സൂചന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചിരുന്നു.
അതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ മുന്‍കൂര്‍ ജാമ്യാഹര്‍ജി ജില്ല സെഷന്‍സ് കോടതിക്ക് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചു. തന്‍റെ കക്ഷിയെ സാക്ഷിയായി നോട്ടിസ് നല്‍കി കോടതിയില്‍ വിളിപ്പിച്ചിരിക്കുകയാണെന്നും ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നും ശബരിനാഥന്‍റെ അഭിഭാഷകന്‍ ചോദിച്ചു. വിവരം അറിയിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. 15 മിനിറ്റ് കഴിഞ്ഞ് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ശബരിനാഥനെ പൊലീസ് അറസ്റ്റുചെയ്‌തതായി സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, സാക്ഷിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ അറസ്റ്റുചെയ്‌തത് ശരിയായ നടപടിയല്ലെന്നും അറസ്റ്റ് എത്ര മണിക്ക് രേഖപ്പെടുത്തിയെന്നും ശബരിയുടെ അഭിഭാഷകന്‍ ചോദിച്ചു. ഇതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു. പിന്നാലെ, സര്‍ക്കാര്‍ അഭിഭാഷകന്‍ അറസ്റ്റ് രേഖകള്‍ ഹാജരാക്കി. 11.40ന് വീണ്ടും ചേര്‍ന്ന കോടതി ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ശബരിനാഥന് മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചു.