തിരുവനന്തപുരം: കെഎസ്‌യുവിന്‍റെ നിയമസഭാ മാര്‍ച്ചില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് തന്നെ പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. തന്നെ ആക്രമിക്കാന്‍ കാണിച്ച ആവേശം വാളയാര്‍ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് കാണിക്കേണ്ടിയിരുന്നതെന്നും ഷാഫി പറഞ്ഞു. യു.ഡി.എഫ് നേതാക്കളെത്തി നന്ദാവനം പൊലീസ് ക്യാമ്പിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്യു പ്രവർത്തകർ പൊലീസ് ക്യാമ്പിന് മുന്‍പില്‍ പ്രതിഷേധവുമായി എത്തിയെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.
മൂന്ന് പൊലീസുകാർ ചേർന്നാണ് ഷാഫി പറമ്പിലിനെ അക്രമിച്ചതെന്നും ഒരു പൊലീസുകാരൻ ഷാഫിയെ കടിച്ചുവെന്നും പി.ടി തോമസ് എം.എൽ.എ ആരോപിച്ചു. ഒരു എംഎൽഎയുടെ അവസ്ഥ ഇതാണെങ്കില്‍ പിണറായി സർക്കാർ പൊലീസ് നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.കെ മുനീർ, വി.ഡി സതീശൻ, പി.ടി തോമസ്, കെ.എസ് ശബരിനാഥൻ, ടി. സിദ്ദിഖ് തുടങ്ങിയവരെത്തിയാണ് ഷാഫി പറമ്പിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.