തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ അന്വേഷണത്തിന് സിപിഎം. ഇതിനായി ഡികെ മുരളി, പുഷ്‌പലത എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷനെ നിയോഗിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സംഭവത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎമാരായ ഐ ബി സതീഷും ജി സ്‌റ്റീഫനും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. ആൾമാറാട്ടത്തിൽ പങ്കില്ലെന്നും അന്വേഷിക്കണമെന്നുമായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, കോളജിലെ ആൾമാറാട്ടത്തിൽ പ്രിൻസിപ്പൽ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്. ഇതോടൊപ്പം തട്ടിപ്പ് അന്വേഷിക്കാൻ കോളജ് മാനേജമെന്‍റും മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതിനൊപ്പം തന്നെ കോളജ് മാനേജ്മെന്‍റിനോട് സർവകലാശാല സിൻഡിക്കേറ്റ് ഷൈജുവിനെതിരെ അച്ചടക്ക നടപടിയെടുത്ത് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കോളജ് മാനേജ്മെന്‍റ് മൂന്നംഗ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കോളജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും കോളജ് ഷൈജുവിനെതിരെ നടപടിയെടുക്കുക
പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി സർവകലാശാല ഉത്തരവ്: അതേസമയം വിവാദത്തിന് പിന്നാലെ ഡോ. ജി ജെ ഷൈജുവിന്‍റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കിക്കൊണ്ട് കേരള സർവകലാശാല ഉത്തരവിറക്കി. പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് ഷൈജുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളജിന് കത്ത് നൽകും. സർവകലാശാലയ്‌ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസലർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിൽ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി (യുയുസി) തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്‌ക്ക് പകരം വിശാഖിന്‍റെ പേര് വന്നതാണ് വിവാദങ്ങൾക്ക് കാരണം.
വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത് എന്നാണ് ആരോപണം. ഈ വരുന്ന 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. കോളജുകളില്‍ നിന്നും ജയിച്ചുവരുന്ന യുയുസിമാരില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക. 171 യുയുസിമാരാണ് കേരള സര്‍വകലാശാലയില്‍ ഉള്ളത്.
Also Read: ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ് : തുടർച്ചയായ രണ്ടാം ദിവസവും സമീർ വാങ്കഡെയെ സിബിഐ ചോദ്യം ചെയ്‌തു