തിരുവനന്തപുരം : കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുവെന്ന് ശശി തരൂർ ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശങ്ങൾക്ക് എതിരാണ് നേതാക്കളുടെ പ്രവർത്തനമെന്നും തരൂർ വിമര്‍ശിച്ചു.
ഔദ്യോഗിക സ്ഥാനാർഥി, വിമത സ്ഥാനാർഥി എന്നിങ്ങനെയില്ലെന്ന് ഗാന്ധി കുടുംബം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷവും ഇത്തരത്തിലുള്ള പ്രവർത്തനം പാർട്ടിക്കുള്ളിലെ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് തരൂർ വ്യക്തമാക്കി. ഈ നേതാക്കളുടെ ആഹ്വാനം സാധാരണ പ്രവർത്തകർ അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നും തരൂർ പറഞ്ഞു.
നേതാക്കളുടെയും സാധാരണക്കാരുടെയും വോട്ടിന് ഒരേ വിലയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സാധാരണ പ്രവർത്തകരുടെ ആവശ്യത്തെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഈ ജനാധിപത്യമാണ് കോൺഗ്രസിന്‍റെ കരുത്ത്. ഇതിനെ അട്ടിമറിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ശശി തരൂർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കൊണ്ട് താൻ ഒരു തരത്തിലും പാർട്ടി വിരുദ്ധനല്ലെന്നും അത്തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും തരൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കെപിസിസി ഓഫിസിലെത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ പ്രമുഖ നേതാക്കളൊന്നും എത്തിയിരുന്നില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂർ എത്തുന്നതിന് മുമ്പ് ഓഫിസ് വിട്ടിരുന്നു.
നേതാക്കളില്ലായിരുന്നുവെങ്കിലും കോൺഗ്രസ് പ്രവർത്തകർ ശശി തരൂരിനെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സംഘടന ജനറൽ സെക്രട്ടറി രാധാകൃഷ്‌ണൻ മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയ ശേഷമാണ് തരൂർ ഓഫിസിൽ നിന്ന് മടങ്ങിയത്.