തിരുവനന്തപുരം : സ്കൂളുകള്‍ തുറക്കാനിരിക്കെ കെ എസ് ആര്‍ ടി സിയെ സമീപിച്ച് 1250 വിദ്യാലയങ്ങള്‍. സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക ബസുകള്‍ക്കുവേണ്ടിയാണിത്.
ലാഭം ഒഴിവാക്കി ജീവനക്കാരുടെ ശമ്പളവും ഡീസല്‍ ചെലവും ഈടാക്കികൊണ്ട് ബസുകള്‍ ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. വനിതാകണ്ടക്ടര്‍മാരെയായിരിക്കും ബസുകളില്‍ നിയോഗിക്കുക.
വിദ്യാര്‍ഥികളെ രാവിലെ സ്‌കൂളിലാക്കി വൈകിട്ട് തിരിച്ചെത്തിക്കണം. 49 വിദ്യാര്‍ഥികള്‍ക്കാണ് ഒരു ബസില്‍ യാത്ര ചെയ്യാനാവുക. പത്ത് കിലോമീറ്റര്‍ യാത്രയ്‌ക്ക് ഒരു ബസിന് 6000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഞ്ചുകിലോമീറ്റര്‍ വീതം കൂട്ടി 50 കിലോമീറ്റര്‍ വരെ വ്യത്യസ്‌ത നിരക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
Also Read: ഇന്ധനവിലയാളുന്നു ; സംസ്ഥാനത്ത് 109 കടന്ന് പെട്രോൾ വില
സ്‌കൂള്‍ പി.ടി.എയുമായി ഇതുസംബന്ധിച്ച് കോര്‍പ്പറേഷന്‍ കരാര്‍ ഉണ്ടാക്കും. സ്‌കൂളിലെ ആയമാരെയും ബസുകളില്‍ അനുവദിക്കും. നിലവില്‍ 500 ബസുകള്‍ സ്‌കൂള്‍ ഓട്ടത്തിനായി കെ.എസ്.ആര്‍.ടി.സി സജ്ജമാക്കി കഴിഞ്ഞു. കണ്‍സഷന്‍ സംവിധാനവും തുടരും.
അതേസമയം, റൂട്ടുകള്‍ സംബന്ധിച്ചും നിരക്കുകളിലും ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.