തിരുവനന്തപുരം: ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലത്തെ ശശികല (46) വധക്കേസില്‍ പ്രതിയായ ശശികലയുടെ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭര്‍ത്താവ് രാജന്‍ എന്ന് വിളിക്കുന്ന ലാലുവിനാണ് (52) തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്‌ജ് കെ.വിഷ്‌ണു ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുക സര്‍ക്കാറിലേക്ക് കണ്ട് കെട്ടാനും കോടതി ഉത്തരവിട്ടു. 2018 ഓഗസ്റ്റ് 18ന് രാത്രി എട്ട് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. സംശയ രോഗത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് രാജന്‍ ശശികലയെ കത്തിക്കൊണ്ട് കുത്തി കൊല്ലപ്പെടുത്തിയത്.
ശശികലയുടെ നിലവിളി കേട്ട് അടുത്ത വീട്ടില്‍ നിന്ന് ഓടിയെത്തിയ മക്കളായ അഭിഷേകും ആരഭിയുമാണ് സംഭവം കണ്ടത്. ശശികലയ്ക്ക് കൈയിലും വയറിലും മുതുകിലും കുത്തേറ്റിരുന്നു. ഉടന്‍ തന്നെ നാട്ടുകാരെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ശശികല മരിച്ചു.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രാജനെ അന്ന് തന്നെ ചിറയിന്‍കീഴ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‌തു. കേസില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് 2018 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് രാജന്‍ വിചാരണ നേരിട്ടത്. കൊലപാതകം നേരില്‍ കണ്ട മക്കള്‍ തന്നെയാണ് കേസിലെ പ്രധാന സാക്ഷികള്‍. ഇരുവരുടെയും മൊഴികളും രാജനെ അറസ്റ്റ് ചെയ്യുമ്പോള്‍ വസ്ത്രത്തിലുണ്ടായ രക്തവുമാണ് കേസിലെ നിര്‍ണായക തെളിവായത്.
ശശികലയുടെ മക്കളായ അഭിഷേകിനും ആരഭിക്കും ലീഗൽ സർവീസ് അതോറിറ്റി മുഖേന നഷ്‌ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ.മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു.
16 രേഖകളും 15 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ചിറയിൻകീഴ് പൊലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്‌ടർ വി.കെ.ശ്രീജേഷ്, സജീഷ്.എച്ച്.എൽ എന്നിവരാണ് കുറ്റപത്രം ഹാജരാക്കിയത്.