തിരുവനന്തപുരം : ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ മല്ലപ്പള്ളി പ്രസംഗം വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്‌തെന്നും അതില്‍ ഖേദമുണ്ടെന്നും സജി ചെറിയാൻ. നിയമസഭയിൽ ചട്ടം 64 പ്രകാരം നടത്തിയ വ്യക്തിപരമായ പ്രസ്‌താവനയിലാണ് തന്‍റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന നിലപാട് സജി ചെറിയാൻ അവർത്തിച്ചത്. മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നതാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചത്.
ഭരണഘടനയുടെ ശാക്തീകരണവശ്യം തൻ്റെ ശൈലിയിൽ വ്യക്തമാക്കുകയാണ് ചെയ്‌തത്. ഭരണഘടനയെ അവമതിക്കല്‍ ഉദ്ദേശിച്ചിട്ടില്ല. സംസ്ഥാന ഭരണങ്ങളെ അട്ടിമറിക്കുന്നത് താന്‍ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര ഭരണകൂടത്തിൻ്റെ നയങ്ങൾ ഭരണഘടനയുടെ മൂല്യങ്ങൾ നശിപ്പിക്കുന്നുവെന്ന് പൊതുപ്രവർത്തകൻ എന്ന നിലയിൽ ചൂണ്ടിക്കാട്ടുകയാണ് ചെയ്‌തതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
പ്രസംഗത്തിൻ്റെ പേരിൽ കോടതിയിൽ കേസെത്തിയതിനാൽ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിവച്ചത്. ഭരണഘടനാശില്‍പ്പിയായ അംബേദ്‌കറെ അപമാനിച്ചുവെന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ഇത് വേദനയുണ്ടാക്കി. തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ വേദനയും ഖേദവും പ്രകടിപ്പിക്കുന്നതായും സജി ചെറിയാൻ അവർത്തിച്ചു.
എത്ര ആക്രമണമുണ്ടായാലും ജനങ്ങളോട് ചേർന്നുനിന്ന് തന്നെ പ്രവർത്തിക്കും. ജനസേവനത്തിൽ മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.