തിരുവനന്തപുരം : ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീർഥാടന കാലം പൂര്‍ത്തിയായ ശേഷം ഇതുവരെ തിട്ടപ്പെടുത്തിയത് 351 കോടിയുടെ വരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ എസ് അനന്തഗോപന്‍. ഒന്നരക്കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാൻ ഇനിയുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തെ വരുമാനം 151 കോടി രൂപയായിരുന്നു.
നാണയങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് എണ്ണുക പ്രായോഗികമല്ല. കാരണം പല നാണയങ്ങളും ഒരേ വലിപ്പത്തിലുള്ളവയാണ്. ഇത് കണക്കിലെടുത്ത് സെന്‍സര്‍ ഘടിപ്പിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് അടുത്ത സീസണില്‍ നാണയങ്ങൾ എണ്ണുന്ന കാര്യം പരിഗണനയിലാണ്.
അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനിയുടെ അംശം കൂടുതലാണ് എന്ന ആരോപണത്തിന് പിന്നില്‍ കരാറുകാര്‍ തമ്മിലുള്ള പ്രശ്‌നമാണ്. ഒരു കൂട്ട് അരവണയില്‍ വെറും 750 ഗ്രാം ഏലക്ക മാത്രമാണ് ഉപയോഗിക്കുന്നത്. ഇതേ ഏലക്കയാണ് ഇക്കാലമത്രയും ഉപയോഗിച്ചിരുന്നത്.
പമ്പയിലെ ലാബില്‍ ടെസ്‌റ്റ് ചെയ്താണ് മുഴുവന്‍ ഭക്ഷ്യ വസ്‌തുക്കളും ശബരിമലയിലേക്ക് കൊണ്ടുവരുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച ലാബ് ആണിത്. ഏലക്കയില്ലാതെയും ഒരു രുചി വ്യത്യാസവുമില്ലാതെ അരവണ നിര്‍മിക്കാം എന്ന് ഈ സംഭവത്തിന് ശേഷം തെളിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ അരവണയില്‍ ഏലക്ക ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.
ശബരിമലയില്‍ ഭക്തരെ ദേവസ്വം ജീവനക്കാരന്‍ പിടിച്ചുതള്ളിയതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഇയാളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ജീവനക്കാരന്‍ പിടിച്ചുതള്ളുന്നതായി തോന്നുമെങ്കിലും മനപ്പൂര്‍വം അങ്ങനെ ചെയ്‌തതായി തോന്നുന്നില്ലെന്നും പ്രസിഡന്‍റ് അനന്തഗോപന്‍ പറഞ്ഞു.