തിരുവനന്തപുരം: മണക്കാട് കൊവിഡ് സ്ഥിരീകരിച്ച സ്റ്റേഷനറി കടയുടമയുടെ സഞ്ചാരപാത ജില്ലാ ഭരണകൂടം പുറത്തുവിട്ടു. മണക്കാട് ഐരാണിമുട്ടം ഭാഗത്ത് രോഗം സ്ഥിരീകരിച്ച ഓട്ടോഡ്രൈവറുടെ ബന്ധുവാണ് ഇദ്ദേഹം. ജൂൺ അഞ്ച് മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഞ്ചിന് രാവിലെ ഏഴ് മുതൽ പത്തു മണി വരെ മണക്കാട് ജംഗ്ഷനിലെ കടയിൽ ചെലവഴിച്ച ഇദ്ദേഹം 10.30 മുതൽ വൈകിട്ട് ആറ് വരെ സിഗരറ്റ് വിതരണത്തിനായി വിവിധ കടകൾ സന്ദർശിച്ചു. മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പലവ്യഞ്ജനങ്ങൾ വാങ്ങിയാണ് ഏഴുമണിയോടെ വീട്ടിലേക്ക് മടങ്ങിയത്.
ഏഴിന് കളിപ്പാൻകുളത്തെ ബ്യൂട്ടി പാർലറിൽ ശുചീകരണത്തിലും മറ്റു സഹായങ്ങളിലും പങ്കാളിയായി. എട്ടിന് ബ്യൂട്ടിപാർലർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഒൻപത് മുതൽ 18 വരെ തീയതികളിൽ വിവിധ കടകളിൽ സിഗരറ്റ് വിതരണത്തിനെത്തി. മണക്കാട് ജംഗ്ഷനിലെ പലവ്യഞ്ജനക്കടയിൽ മിക്ക ദിവസങ്ങളിലും സന്ദർശനം നടത്തി. ഈ ദിവസങ്ങളിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ 1077 , 9188610100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.