തിരുവനന്തപുരം:സി.എ.ജിക്കെതിരായ പ്രമേയത്തിൽ നിയമസഭയിൽ ചർച്ച. കിഫ്‌ബി വായ്‌പകൾ ഭരണഘടനാ വിരുദ്ധമാണെന്ന റിപ്പോർട്ടിലെ പരാമർശത്തിനെതിരെയാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം സഭയിൽ അവതരിപ്പിച്ചു. സി.എ.ജി, ബന്ധപ്പെട്ട വകുപ്പിനെ കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും ഇത് സ്വഭാവിക നീതി നിഷേധമാണെന്നും അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് സഭ നിരാകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേ സമയം പ്രതിപക്ഷം സർക്കാരിന്‍റെ പ്രമേയത്തെ എതിർത്തു. വിചിത്രമായ പ്രമേയമാണിതെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. സി.എ.ജി റിപ്പോർട്ട് നിരാകരിക്കണമെന്നത് ചട്ട വിരുദ്ധമാണെന്നും റിപ്പോർട്ട് പരിശോധിച്ച് നിരാകരിക്കാൻ പബ്ലിക് അകൗണ്ട്‌സ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷവും ധാർഷ്‌ട്യവും ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനത്തെ ആക്രമിക്കരുതെന്നും ഇത് അനാവശ്യമായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നും സതീശൻ പറഞ്ഞു. ജനാധിപത്യവിരുദ്ധരായ ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ പോലും ചെയ്യാത്ത കാര്യമാണിതെന്നും പ്രമേയവുമായി മുഖ്യമന്ത്രി മുന്നോട്ട് പോകരുതെന്നും നിയമസഭയുടെ പാരമ്പര്യത്തെ തകർക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
അതേസമയം സി.എ.ജി റിപ്പോർട്ടിൽ അബദ്ധങ്ങൾ എഴുതി വച്ചിരിക്കുകയാണെന്നും നിയമ പിൻബലമില്ലാതെ എന്ത് എഴുതി വെച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും ജെയിംസ് മാത്യു എം.എൽ.എ പറഞ്ഞു.