തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരായ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ ഗ്രേഡ് എ.എസ്.ഐയുടെ പെരുമാറ്റം കേരള പൊലീസിന്‍റെ യശസ് കെടുത്തിയെന്നും സേനയ്‌ക്കാകെ നാണക്കേടുണ്ടാക്കിയെന്നും അന്വേഷണ റിപ്പോര്‍ട്ട്.
ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യം ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനുണ്ടായിരുന്നില്ലെന്നും പരാതിക്കാരന്‍ പ്രകോപിപ്പിച്ചതുകൊണ്ടാണ് മോശമായി സംസാരിച്ചതെന്ന ഗോപകുമാറിന്‍റെ വിശദീകരണം ന്യായീകരിക്കാവുന്നതല്ലെന്നും തിരുവന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചു.
തന്‍റെ മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന പിതാവിന്‍റെ മാനസികാവസ്ഥ മനസിലാക്കാതെ അദ്ദേഹത്തെ അസഭ്യം വിളിച്ച എ.എസ്.ഐയുടെ നടപടി അങ്ങേയറ്റത്തെ പെരുമാറ്റ ദൂഷ്യവും അസഹനീയവുമാണ്. പരാതിക്കാരനായ സുദേവന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മറ്റൊരു പരാതിയുടെ അന്വേഷണം കഴിഞ്ഞ് ഗോപകുമാര്‍ അവിടെ എത്തിയതായിരുന്നു. കേസന്വേഷണത്തിനു ചുമതലയില്ലാത്ത ഒരാള്‍ എന്ന നിലയില്‍ ഗോപകുമാര്‍ പരാതിയില്‍ ഇടപെടണമെന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സംയമനത്തോടെ പ്രശ്‌നത്തെ സമീപിക്കണമായിരുന്നു.
ഗോപകുമാര്‍ പരാതിക്കാരോട് യൂണിഫോം ധരിക്കാതെ സംസാരിക്കാന്‍ തുന്നിഞ്ഞതു തന്നെ തികഞ്ഞ അച്ചടക്ക ലംഘനമാണ്. ഒരു പൊലീസുകാരനുണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ഗോപകുമാറിന്‍റെ ഭാഗത്തു നിന്നുണ്ടായത്. തികഞ്ഞ അച്ചടക്കമുള്ള സേനയെന്ന നിലയില്‍ മുതിർന്ന പൗരന്‍മാരോടും സ്ത്രീകളോടും പൊലീസ് അങ്ങേയറ്റത്തെ മര്യാദയോടെയാണ് പെരുമാറേണ്ടത്. പൊലീസ് സേനാംഗങ്ങളുടെ ഇത്തരം പെരുമാറ്റം മുളയിലേ നുള്ളപ്പെടേണ്ടതാണെന്നും ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഐജി വ്യക്തമാക്കുന്നു.
മകളെ കാണാനില്ലെന്ന പരാതിയുമായി നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനിലെത്തിയ സുദേവനെയും ഇളയ മകളെയും ഗ്രേഡ് എ.എസ്.ഐ ഗോപകുമാര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.