തിരുവനന്തപുരം : മാസം തോറും വൈദ്യുതിക്ക് സ്വമേധയാ സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം അനുസരിച്ചുള്ള ചട്ടങ്ങളാണ് കമ്മിഷന്‍ അന്തിമമാക്കിയത്. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോര്‍ഡിന് ഈടാക്കാനാവുക. ജൂണ്‍ 1 മുതല്‍ ഇത് നിലവില്‍ വരും.
ബോര്‍ഡ് 40 പൈസയായിരുന്നു ആവശ്യപ്പെട്ടത്. കരട് ചട്ടങ്ങളില്‍ 20 പൈസയായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കമ്മിഷന്‍ ഇത് 10 പൈസയായി പരിമിതപ്പെടുത്തുകയായിരുന്നു. വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്‍റെ വില കൂടുന്നത് കാരണം വരുന്ന അധിക ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നതെന്നാണ് വിശദീകരണം.
മൂന്ന് മാസം കൂടുമ്പോള്‍ ബോര്‍ഡ് നൽകിയ അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കൂടി കേട്ടായിരുന്നു കമ്മിഷന്‍ സര്‍ചാര്‍ജ് കൂട്ടി വന്നിരുന്നത്. എന്നാല്‍ പുതിയ രീതിയില്‍ ജൂണ്‍ ഒന്ന് മുതല്‍ പത്ത് പൈസയില്‍ കൂടാതെയുള്ള സര്‍ചാര്‍ജ് മാസം തോറും ഈടാക്കാന്‍ ബോര്‍ഡിന് സ്വമേധയാ തീരുമാനമെടുക്കാന്‍ സാധിക്കും.
ജൂണ്‍ പകുതിയോടെ വൈദ്യുതി നിരക്ക് കൂടാനിരിക്കെയാണ് 10 പൈസ വര്‍ധിപ്പിക്കാനുള്ള അനുമതി ബോര്‍ഡിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ഉപഭോക്താക്കളുടെ ഭാരം വര്‍ധിക്കും. ജൂണ്‍ പകുതിയോടെ യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിട്ടില്ല.
ആദ്യത്തെ ഒമ്പത് മാസം ബാധകമല്ല: അതേസമയം പുതിയ ചട്ടം നിലവില്‍ വന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒമ്പത് മാസം ബാധകമാവില്ല. ആദ്യ ഒമ്പത് മാസത്തേക്ക് പഴയ ചട്ട പ്രകാരമുള്ള സര്‍ചാര്‍ജ് അനുവദിക്കാന്‍ ബോര്‍ഡ് നേരത്തെ തന്നെ കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു.
ആദ്യത്തെ മൂന്ന് മാസങ്ങളിലേക്ക് 30 പൈസയും അടുത്ത മൂന്ന് മാസത്തേക്ക് 14 പൈസയും അതിനടുത്ത മൂന്ന് മാസം 16 പൈസയുടെയും വര്‍ധനവാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലും റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. ചട്ടം മാറ്റിയതിന് മുന്‍പുള്ള അപേക്ഷയാണിത്.
ALSO READ: സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം; തുടര്‍ച്ചയായ രണ്ടാം ദിനവും ഉപഭോഗം 100 ദശലക്ഷം കടന്നു
അത് കൊണ്ടുതന്നെ പഴയ ചട്ടം അനുസരിച്ച് കമ്മിഷന് ഇത് അനുവദിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. അനുമതി ലഭിച്ചാല്‍ വൈദ്യുത ബോര്‍ഡ് സ്വമേധയാ ചുമത്തുന്ന പത്ത് പൈസയ്‌ക്കൊപ്പം ഈ തുകയും ഈടാക്കും. എന്നാല്‍ പുതുതായി റെഗുലേറ്ററി കമ്മിഷനില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം വൈദ്യുത ബോര്‍ഡിന് എത്ര ചെലവുണ്ടായാലും 10 പൈസ മാത്രമേ സ്വമേധയാ ഈടാക്കാനാകൂ.
ചെലവ് വര്‍ധിച്ചാല്‍ ചാര്‍ജ് വര്‍ധനവ് നീട്ടി വയ്ക്കണം. ഇതിനായി മൂന്ന് മാസത്തിലൊരിക്കന്‍ കമ്മിഷന് ബോര്‍ഡിനെ സമീപിക്കാനാകും. രണ്ട് മാസത്തെ കാലയളവില്‍ ഓരോ മാസവും വ്യത്യസ്‌ത നിരക്കില്‍ സര്‍ചാര്‍ജ് വന്നാല്‍ രണ്ട് മാസത്തെ ശരാശരിയാകും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുക.