തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരിശോധനയില്ലാതെ ഇവരെ നാട്ടിലെത്തിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന നിലയില്‍ സിപിഎം നടത്തുന്ന സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ കേരളത്തിലെ ചെക്ക് പോസ്റ്റുകളിലും ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ പാസുമായെത്തുന്ന മലയാളികള്‍ക്ക് സുഗമമായി നാട്ടില്‍ പ്രവേശിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആംരഭിച്ച എയര്‍ ആംബുലന്‍സ് പദ്ധതിയില്‍ എന്തെങ്കിലും പാളിച്ചയുണ്ടായിരുന്നെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കുന്നതിന് പകരം അത് വേണ്ടെന്ന് വെക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്‌തത്. അന്ന് തിരുവന്തപുരത്ത് വ്യോമസേനയുടെ ഹെലികോപ്‌ടറില്‍ എറണാകുളം ലിസി ആശുപത്രിയില്‍ അവയവമെത്തിച്ചതിന് വെറും ഒരു ലക്ഷം രൂപ മാത്രമാണ് ചെലവായതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.