തിരുവനന്തപുരം : പിണറായി വിജയൻ ചക്രവർത്തിയാണെന്നും തങ്ങൾ ഭടൻമാരുമാണെന്നുമുള്ള ചിന്ത പൊലീസുകാർക്ക് തോന്നിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ദുശാസനന്‍റെ ജീനാണ് പിണറായി വിജയന് എന്നും രാഹുല്‍ കേരളത്തിന്‍റെ അഭിനവ ചക്രവർത്തി പിണറായി വിജയൻ ചരിത്രം പഠിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. പിണറായി സർക്കാരിന്‍റെ ഒടുക്കത്തിന്‍റെ തുടക്കമാണിത്. വാഴ്ത്തു പാട്ടുകാർ ബംഗാൾ റഫറൻസ് ചെയ്യണമെന്നും രാഹുൽ പറഞ്ഞു.
കറുത്ത തുണി കൊണ്ട് ജനാധിപത്യ സമരം സംഘടിപ്പിച്ചതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്. പെൺകുട്ടികളെ വരെ ക്രൂരമായി ഉപദ്രവിച്ചു. ചെടിച്ചട്ടി അടക്കം എടുത്ത് അടിച്ച ഗുണ്ടകളെ രക്ഷാപ്രവർത്തകരാക്കി. നോക്കി നിന്ന പൊലീസുകാർക്ക് ഗുഡ് സർട്ടിഫിക്കറ്റും നൽകി. ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
നവ കേരള സദസ്സിനുശേഷം വിലക്കയറ്റം, സർക്കാർ സേവനത്തിന്‍റെ ഫീസ്, വാട്ടർ, വൈദ്യുതി ചാർജ് വർധന എന്നിവ മാത്രമാണ് ഉണ്ടായത്. പൊലീസ് വണ്ടികളുമായി സഹകരിക്കില്ലന്ന് പെട്രോൾ പമ്പ് ഉടമകൾ അറിയിച്ചു. ജീവപര്യന്തം തടവ് വിധിച്ചാലും സർക്കാരിനെതിരെയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
എംടിയെ പോലുള്ള സാംസ്‌കാരിക പ്രവർത്തകർ ദുർഭരണത്തിനെതിരെ മുന്നോട്ട് വരുന്നതില്‍ സന്തോഷമുണ്ട്. സാംസ്‌കാരിക പ്രവർത്തകരെ അണിനിരത്തി യൂത്ത് കോൺഗ്രസ് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള പി കമ്പനിയാണ് എല്ലാ തട്ടിപ്പുകൾക്കും പിന്നിൽ. മുഖ്യമന്ത്രിയുടെ മകൾ എന്നത് ഭരണഘടനയ്ക്ക് മുകളിലുള്ള പദവിയെന്നും രാഹുല്‍ പരിഹസിച്ചു. അനധികൃതമായി വീണ സ്വത്ത് സമ്പാദിക്കുന്നു. എക്‌സാലോജിക്കിനെതിരെ ബെംഗളൂരുവിലും സമരം സംഘടിപ്പിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വ്യാജ തിരിച്ചറിയൽ കാർഡിനെക്കുറിച്ച് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്നും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഏജൻസി വരെ അന്വേഷിക്കണമെന്നും രാഹുൽ പറഞ്ഞു. എന്തെല്ലാം ചെയ്താലും ജനങ്ങൾക്ക് വേണ്ടി സമരങ്ങളിൽ യൂത്ത് കോൺഗ്രസ് മുൻപന്തിയിലുണ്ടാകും. സംഘടനയ്ക്ക് ഉള്ളിൽ വന്ന പരാതികൾ പരിഹരിക്കപ്പെട്ടുവെന്നും രാഹുൽ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായത്. രാവിലെ തന്നെ കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ജയിലില്‍ എത്താന്‍ വൈകിയത് മൂലമാണ് രാഹുലിന്‍റെ ജയില്‍ മോചനം വൈകിയത്. പുഷ്‌പവൃഷ്‌ടി നടത്തിയാണ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. ഏത് നേതാവിനെയാണ് വീട്ടില്‍ക്കയറി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും രാഹുല്‍ ചോദിച്ചു. തനിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ നേരിട്ട് ഹാജരാകുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിന് രാജകീയ വരവേൽപ്പ് ഒരുക്കി പ്രവർത്തകർ