മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള ചൂടുപിടിച്ച പ്രചാരണങ്ങളും, വീറും വാശിയും നിറഞ്ഞ പോളിങും തുടര്‍ന്നുള്ള കാത്തിരിപ്പിനും വിരാമമിട്ട് പുതുപ്പള്ളിയുടെ ബാലറ്റുകള്‍ വെളിച്ചത്തേക്ക്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സമയം മുതല്‍ രാഷ്‌ട്രീയം പറഞ്ഞുണര്‍ന്ന പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി 53 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരവകാശിയെത്തുന്നു.
പിതാവിന്‍റെ പാതയിലൂടെ പിന്തുടര്‍ച്ചാവകാശിയാവാന്‍ ചാണ്ടി ഉമ്മനും, വികസനം പറഞ്ഞ് ജെയ്‌ക് സി തോമസും, ഇരുമുന്നണികളെയും തള്ളിക്കൊണ്ട് ലിജിന്‍ ലാലും കളംനിറഞ്ഞ പോരാട്ടത്തിന് ജനം നല്‍കുന്ന പ്രോഗ്രസ് കാര്‍ഡില്‍ ആരുടെ പേരാവും?. എന്നിരുന്നാലും ആ പേരിലേക്ക് പുതുപ്പള്ളിയിലെ ജനങ്ങളെ എത്തിച്ചത് ഓഗസ്‌റ്റ് എട്ട് മുതല്‍ സെപ്‌റ്റംബര്‍ അഞ്ചിന് പോളിങ് ബൂത്തിലെത്തുന്നത് വരെ മണ്ഡലം കണ്ട സംഭവവികാസങ്ങളുടെ വിലയിരുത്തലുകള്‍ കൂടിയാവും.
മുമ്പേ ഓടിത്തുടങ്ങി ചാണ്ടി ഉമ്മന്‍: ഓഗസ്‌റ്റ് എട്ട് വൈകുന്നേരത്തോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള (Puthuppally Bypoll) തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ (Election Commission) പ്രഖ്യാപനമെത്തുന്നത്. തെരഞ്ഞെടുപ്പ് തിയതി അറിയിച്ചതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ ഐക്യജനാധിപത്യ മുന്നണി തങ്ങളുടെ സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ (Chandy Oommen) പ്രഖ്യാപിക്കുന്നു. സാധാരണമായി കണ്ടുവരാറുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ മെല്ലെപ്പോക്ക് പരിഹരിക്കുക കൂടിയായിരുന്നു ഇതിലൂടെ യുഡിഎഫ്. പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ വേളയായതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ വച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചാണ്ടി ഉമ്മന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഹൈക്കമാന്‍ഡിന്‍റെ സമ്മതപ്രകാരമുള്ള പ്രഖ്യാപനത്തിന് പിന്നാലെ നിമിഷങ്ങള്‍ പോലും പാഴാക്കാതെ ചാണ്ടി ഉമ്മന്‍ പ്രചാരണ പരിപാടികളിലേക്കും കടന്നു. പിതാവും പുതുപ്പള്ളിയുടെ സ്വന്തം ജനപ്രതിനിധിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തില്‍ ചെന്ന് പ്രാര്‍ത്ഥിച്ച ശേഷം പ്രചാരണം ആരംഭിച്ച ചാണ്ടി ഉമ്മന്, അതുകൊണ്ടുതന്നെ നേരിട്ടുള്ള വോട്ടുതേടല്‍, വാഹനപ്രചാരണം തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും മറ്റ് സ്ഥാനാര്‍ഥികളെക്കാള്‍ മുന്നിലെത്താനുമായി.
ജെയ്‌ക്കിന്‍റെ വരവ്: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ തന്നെ പുതുപ്പള്ളിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ജെയ്‌ക് സി തോമസ് (Jaick C Thomas) കളത്തിലെത്തുമെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇടത് പോഷക സംഘടകളൂടെയുള്ള വളര്‍ച്ച, തെരഞ്ഞെടുപ്പ് രംഗത്തെ മുന്‍പരിചയം, സര്‍വോപരി പുതുപ്പള്ളിയുടെ മുന്‍ എംഎല്‍എയായ ഉമ്മന്‍ ചാണ്ടിയോട് തുടര്‍ച്ചയായ രണ്ട് തോല്‍വി വഴങ്ങിയെങ്കിലും വോട്ട് ശതമാനത്തില്‍ വിള്ളല്‍ വീഴ്‌ത്തിയയാള്‍ എന്നതെല്ലാം ജെയ്‌ക്കിന് ബോണസായി.
സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടത്തുമെന്നറിയിക്കുമ്പോഴും മണ്ഡലമറിയുന്ന, മണ്ഡലത്തെയറിയുന്ന ജെയ്‌ക്കിന് നറുക്ക് വീഴുമെന്നതും ഏറെക്കുറെ ഉറപ്പായിരുന്നു. ആദ്യഘട്ടത്തില്‍ മറ്റ് പേരുകള്‍ കൂടി ഉയര്‍ന്നെത്തി സസ്‌പെന്‍സ് ഒളിപ്പിച്ചുവെങ്കിലും, വൈകാതെ തന്നെ ജെയ്‌ക്കിന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം നടന്നയുടന്‍ തന്നെ ചിട്ടയായ പ്രചാരണ പരിപാടികളും പിന്തുണയുമായി സര്‍ക്കാര്‍ സംവിധാനങ്ങളും നേരിട്ടെത്തിയതും ജെയ്‌ക്കിനും അനുകൂല ഘടകങ്ങളായി.
ലിജിന്‍ ലാലിലേക്ക് എന്‍ഡിഎ: ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷമാണ് എന്‍ഡിഎ പുതുപ്പള്ളിയില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്‍റണിയെ എന്‍ഡിഎ കളത്തിലിറക്കുമെന്നായിരുന്നു പലയിടത്ത് നിന്നും ഉയര്‍ന്നുകേട്ട വാദങ്ങള്‍. എന്നാല്‍ ഉറപ്പിക്കാവുന്ന കേന്ദ്രങ്ങളില്‍ നിന്നല്ലാതെയുള്ള ഈ വാദങ്ങളെ രാഷ്‌ട്രീയ കേരളം അത്രകണ്ട് ഉറപ്പിച്ചതുമില്ല. അനില്‍ ആന്‍റണിയെ ദേശീയ വക്താവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബിജെപി അറിയിപ്പെത്തിയതോടെ സ്ഥാനാര്‍ഥിത്വം മറ്റൊരു പേരിലേക്ക് നീങ്ങുന്നതായുള്ള സൂചനയുമായി.
ഒട്ടും വൈകാതെ ലിജിന്‍ ലാലിനെ (Lijin Lal) പുതുപ്പള്ളിയിലെ എന്‍ഡിഎ മുഖമായും പ്രഖ്യാപിക്കുകയായിരുന്നു. ജില്ല നേതാവും മണ്ഡലത്തോടുള്ള അടുപ്പവും ലിജിനിലൂടെ പുതുപ്പള്ളി പിടിക്കാമെന്ന എന്‍ഡിഎ ആഗ്രഹങ്ങളും ഇതോടെ ആരംഭിച്ചു. പ്രചാരണവേളകളില്‍ ഇരു മുന്നണികള്‍ക്കൊപ്പം എത്താനായില്ലെന്ന ആക്ഷേപം അവശേഷിക്കുമ്പോഴും മത്സരരംഗത്തുണ്ടായിരുന്ന മറ്റ് സ്ഥാനാര്‍ഥികളെക്കാള്‍ വളരെ മുന്നിലെത്താന്‍ ലിജിന് കഴിഞ്ഞുവെന്നത് അംഗീകരിക്കേണ്ടതുണ്ട്.
വികസനത്തിന് സഹതാപം വഴിമാറുമോ?: പുതുപ്പള്ളിയുടെ ജനകീയ മുഖത്തിന്‍റെ അഭാവത്തില്‍ അരങ്ങേറുന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ഗണന സഹതാപ തരംഗത്തിന് തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും അതാത് കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരിനും മുന്നണിയോടുമുള്ള വിരുദ്ധവികാരവും യുഡിഎഫിന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നത് തന്നെയായിരുന്നു പുതുപ്പള്ളിയുടെ ആദ്യം ചിത്രങ്ങള്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്ന നേതാവില്‍ ജനങ്ങളെ തളച്ചിടാതെ വികസനവും അടിസ്ഥാന സൗകര്യങ്ങളിലേക്കും കൂടി ശ്രദ്ധ ക്ഷണിച്ച് ജെയ്‌കും ഇടത് മുന്നണിയും തെരഞ്ഞെടുപ്പ് രംഗത്തിന് മറ്റൊരു ഭാവം നല്‍കി.
വികസനം ചര്‍ച്ച ചെയ്യാന്‍ പരസ്‌പരം വെല്ലുവിളിച്ചും സമൂഹമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയതും മത്സരരംഗം കൊഴുപ്പിച്ചു. ഇരു മുന്നണികളുടെ പരസ്‌പര ആരോപണങ്ങളും അഴിമതികളും അക്കമിട്ട് എന്‍ഡിഎ ഒപ്പം പിടിച്ചതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മാറി യഥാര്‍ഥ തെരഞ്ഞെടുപ്പ് നിലയിലേക്ക് മാറി.
സൈബര്‍ ആക്രമണങ്ങളുടെ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പുകളില്‍ അതിരുവിട്ട പരസ്‌പര ആരോപണങ്ങളും വിവാദ പരാമര്‍ശങ്ങളുമെല്ലാം സ്ഥാനം പിടിക്കാറുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെത്തുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങള്‍ക്കൊപ്പം പടര്‍ന്നുപിടിച്ചത് സൈബര്‍ ആക്രമണങ്ങളും വ്യക്തിപരമായി ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു. നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയ വിവരങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്‌ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ സൈബര്‍ ലോകം ഏറ്റെടുത്ത വിമര്‍ശനം.
തൊഴിലാളി പാര്‍ട്ടിയിലെ അംഗത്തിന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സ്വന്തമായുണ്ടെന്നത് സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. എന്നാല്‍ തന്‍റെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകള്‍ പിതാവ് മുഖാന്തരം കൈമാറിക്കിട്ടിയതാണെന്ന ജെയ്‌കിന്‍റെ വിശദീകരണ മറുപടിക്കും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു.
ആക്രമണം നേരിട്ട് അച്ചുവും ഗീതുവും: തൊട്ടുപിന്നാലെയാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഗോധയെ തന്നെ ഇളക്കിമറിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകളും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ സഹോദരിയുമായ അച്ചു ഉമ്മന് നേരെ സൈബര്‍ ആക്രമണമെത്തുന്നത്.
അച്ചു ഉമ്മന്‍ വിലപിടിപ്പുള്ള വസ്‌തുവകകളാണ് ഉപയോഗിക്കുന്നതെന്നും ഇതെല്ലാം ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം മുഖേന സംഘടിപ്പിച്ചതാണെന്നും തുടങ്ങി നീളുന്നതായിരുന്നു അച്ചു ഉമ്മന് നേരെയുയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെയായി പരിഹാസവും വിദ്വേഷവും പരത്തുന്ന കമന്‍റുകള്‍ കൂടി എത്തിയതോടെ അച്ചു ഉമ്മന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഈ സമയത്തായി തന്നെ നിറവയറുമായി തന്‍റെ ഭര്‍ത്താവിന് വോട്ടുതേടിയിറങ്ങിയ ജെയ്‌കിന്‍റെ പത്നി ഗീതുവിന് നേരെയും സൈബറാക്രണമെത്തി. എല്ലാത്തിലുമുപരി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനും വളരെ മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് നേരെ ഉയര്‍ന്ന സൈബറാക്രമണങ്ങളും സോഷ്യല്‍മീഡിയ പരിഹാസ പോസ്‌റ്റുകളും ഇവയ്‌ക്കൊപ്പം ചേര്‍ത്തുവയ്‌ക്കാവുന്നതാണ്. മാത്രമല്ല തെരഞ്ഞെടുപ്പ് ദിവസങ്ങളുടെ അവസാന മണിക്കൂറുകളില്‍ ചാണ്ടി ഉമ്മനും ജെയ്‌ക് സി തോമസിനുമെതിരെ ഉയര്‍ന്ന വിവാദ ഓഡിയോ ക്ലിപ്പുകളെയും സൈബറാക്രമണമായി പരിഗണിക്കേണ്ടതുണ്ട്.
ബാലറ്റില്‍ ഇങ്ങനെ: നീണ്ട പ്രചാരണ ദിനങ്ങള്‍ക്കിപ്പുറം സെപ്‌തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി ജനവിധിയെഴുതുന്നത്. മണ്ഡലത്തിലെ 90,281 സ്‌ത്രീ വോട്ടര്‍മാരും, 86,132 പുരുഷ വോട്ടര്‍മാരും, നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പടെ 1,76,417 വോട്ടര്‍മാര്‍ക്കായി 182 പോളിങ് ബൂത്തുകളായാണ് വോട്ടെടുപ്പ് നടന്നത്. അനുവദിച്ചതും പിന്നീട് വരിനിന്നവര്‍ക്ക് നീട്ടി നല്‍കിയതുമായ സമയത്തിനിപ്പുറം 72.91 ശതമാനം വോട്ടുകളാണ് പുതുപ്പള്ളിയില്‍ പെട്ടിയിലായത്.
എന്നാല്‍ ആകെയുള്ള 1,76,412 വോട്ടർമാരിൽ 1,28,624 പേരാണ് പുതുപ്പള്ളിയില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. മുന്‍ വര്‍ഷത്തെ പരിഗണിച്ചാല്‍ ഒരു ശതമാനം കുറവാണിത്. അതായത് 2021 ലെ മുന്‍ തെരഞ്ഞെടുപ്പില്‍ 75.35 ശതമാനമായിരുന്നു പോളിങ്. ഇതില്‍ തന്നെ പുരുഷൻമാരുടെ വോട്ടിങ് ശതമാനം 74.4 ആണ്. അതായത് മുമ്പ് 86,131 പേരിൽ 64,084 പേർ അന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. സ്‌ത്രീകളുടെ പോളിങ് കണക്കുകളിലേക്ക് കടന്നാല്‍ 71.48 ശതമാനമാണ്. അതായത് 90,277 പേരിൽ 64,538 പേർ അന്ന് വോട്ട് ചെയ്‌തു.
ഉപതെരഞ്ഞെടുപ്പിന്‍റെ പോളിങ് നടന്ന ദിവസം രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ തിരക്കുണ്ടായിരുന്നതോടെ ഉച്ചക്ക് രണ്ടിനുമുമ്പേ പോളിങ് ശതമാനം 50 കടന്നിരുന്നു. ഇടയ്‌ക്ക് പെയ്‌ത മഴയിലും തളരാതെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കൊഴുകി. എന്നാൽ വൈകുന്നേരത്തോടെ പോളിങ് മന്ദഗതിയിലാവുകയായിരുന്നു.
ആരാവും പുതുപ്പള്ളിയുടെ പുതിയ ജനപ്രതിനിധി: തെരഞ്ഞെടുപ്പ് എന്ന നിലയില്‍ മുന്നണികളും സ്ഥാനാര്‍ഥികളുമെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പോളിങിലെ നേരിയ കുറവ് തങ്ങളെ തിരിച്ചടിക്കില്ല എന്ന വിശ്വാസത്തില്‍ തന്നെയാണ് ഓരോരുത്തരുടെയും വിലയിരുത്തലും. പ്രചാരണത്തിലെ മേല്‍ക്കൈ ബാലറ്റിലും തെളിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ചാണ്ടി ഉമ്മന്‍. ജെയ്‌ക്കിലേക്ക് കടന്നാല്‍ വികസന ചര്‍ച്ചകള്‍ തനിക്ക് ഗുണം ചെയ്യുമെന്ന ഉറച്ച വിശ്വാസവും നിലനിര്‍ത്തുന്നു.
ഇരു മുന്നണികള്‍ക്കും മികച്ച എതിരാളിയാവാന്‍ കഴിഞ്ഞുവെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയുടെ ലിജിന്‍ ലാലും. പോളിങും ബാലറ്റും എല്ലാക്കാലത്തും സസ്‌പെന്‍സ് ഒളിപ്പിക്കാറുള്ളതുകൊണ്ടുതന്നെ പുതുപ്പള്ളിയുടെ യഥാര്‍ത്ഥ ചിത്രത്തിന് കുറച്ച് കൂടി കാത്തിരിക്കേണ്ടതായി വരും.