തിരുവനന്തപുരം: പത്തനംതിട്ടയിൽ കൊവിഡ് ബാധിത ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ കെ.പി.എം.എസ്. സംഭവത്തിൽ സർക്കാർ പുലർത്തുന്ന അവഗണനയ്ക്ക് വലിയ വില നൽകേണ്ടി വരുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. പെൺകുട്ടിയുടെ സംരക്ഷണവും വീഴ്‌ച വരുത്തിയവർക്കെതിരെ നടപടിയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവതിക്ക് സർക്കാർ ജോലി അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനയുടെ വനിതാവിഭാഗമായ കെപിഎംഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനത്തിൻ്റെ അനാസ്ഥ കൊണ്ടു മാത്രമാണ് പീഡനം ഉണ്ടായത്. പെൺകുട്ടിയെ ആരോഗ്യ മന്ത്രി ഒരു തവണ വിളിച്ചത് മാത്രമാണ് സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ നടപടി. പ്രശ്‌നത്തിന് സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ സമരം തുടരുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.