തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയിലെ മേല്‍വിലാസത്തില്‍ വാടകയ്ക്ക് താമസിക്കുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് സുരേഷ് ഗോപി ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ക്രൈബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
കേരളത്തില്‍ അടക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിക്കുന്നതിനാണ് ഇത് ചെയ്തിരിക്കുന്നത്. പതിനാറ് ലക്ഷം രൂപയുടെ നികുതിയാണ് ഇത്തരത്തില്‍ വെട്ടിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന് വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജസീലും ഉപയോഗിച്ചതായി കണ്ടെത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. രേഖകള്‍ വ്യാജമാണെന്ന് സമ്മതിക്കുന്ന നോട്ടറിയുടെ മൊഴിയും സുരേഷ് ഗോപി രജിസ്‌ട്രേഷനായി സമര്‍പ്പിച്ച അപ്പാര്ട്ട്‌മെന്റിലെ താമസക്കാരനല്ലെന്ന് വ്യക്തമാക്കുന്ന കെട്ടിട ഉടമയുടെ മൊഴിയുമാണ് പ്രധാന തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.