തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റ സംസ്കാരം അനിശ്ചിതത്വത്തിൽ. വട്ടിയൂർക്കാവിലെ മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സംസ്കാരം പ്രതിസന്ധിയിലായത്. ഇന്നലെ മരിച്ച ഫാ കെ.ജി വർഗീസിന്‍റെ മൃതദേഹം ഇന്ന് വൈകീട്ട് നാലരയ്ക്ക് സംസ്കരിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതു പ്രകാരം രണ്ടരയോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനിടെയിലാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്. സ്ഥലത്ത് ശവസംസ്കാരം ഉൾപ്പടെ നടത്തുന്നതിന് കോടതിയുടെ സ്റ്റേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഉദ്യോഗസ്ഥർ എത്തി അനുനയിപ്പിക്കാർ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് ഇന്ന് സംസ്കാരം ഒഴിവാക്കി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. സർക്കാർ തീരുമാനത്തിനനുസരിച്ച് സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. അതിനിടെ മൃതദേഹം ദഹിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.