തിരുവനന്തപുരം: പൂന്തുറയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ജനം തെരുവിലിറങ്ങി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയവരെ പൊലിസ് മര്‍ദിച്ചെന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത്. പൊലിസ് സംഘത്തെ ജനക്കൂട്ടം തടഞ്ഞു വച്ചു. ഇന്നലെ പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ച 77ല്‍ 76 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തുടര്‍ന്നാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണ കൂടം തീരുമാനിച്ചത്. ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. എന്നാൽ പ്രദേശത്തെ കടകളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടർന്ന് തൊട്ടടുത്ത സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്കായി പോയവരെ പൊലീസ് മര്‍ദിച്ചെന്നാണ് ആരോപണം.
മര്‍ദനമേറ്റവര്‍ ആദ്യം പൂന്തുറ പള്ളിമേടയിലെത്തി പ്രതിഷേധമുയര്‍ത്തിയതിനു പിന്നാലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പൂന്തുറ സി.ഐയെയും എസ്്.ഐയെയും സ്ഥലം മാറ്റണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. പൂന്തുറ പി. എച്ച്. സിയില്‍ ആന്റീജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നവരെ മുഴുവന്‍ പൂന്തുറക്കാരാക്കി പ്രദേശത്ത് വന്‍ രോഗബാധയുണ്ടെന്ന് വരുത്തിത്തീർക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും ശ്രമിക്കുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.