തിരുവനന്തപുരം : പൊലീസ് വകുപ്പില്‍ ശുദ്ധീകരണത്തിന്‍റെ ഭാഗമായി വീണ്ടും കൂട്ടനടപടി. മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്‍റെ പേരിൽ 24 എസ്എച്ച്ഒമാർക്കെതിരെയാണ് പൊലീസ് മേധാവിയുടെ നടപടി. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിലെ എസ്എച്ച്ഒമാരെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. അതേസമയം മണല്‍ മാഫിയ ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിലായ തിരുവല്ല എസ്എച്ച്ഒയെ ജോലിയില്‍ തിരിച്ചെടുത്തു.
നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ മണലെത്തുന്നത് ഗുണ്ടാ മാഫിയകളുടെ നിയന്ത്രണത്തിലാണ്. ഗുണ്ടകളെ സഹായിക്കാൻ ചില പൊലീസുകാർ കൂട്ടുനിൽക്കുന്നു എന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു. മണ്ണ് ശേഖരിക്കാൻ കുന്നുകൾ ഇടിച്ചുനിരത്തുകയാണ് മണല്‍ മാഫിയയുടെ പ്രധാന ആശ്രയം. ഇതിന് കൂട്ടുനിൽക്കുന്നതാകട്ടെ പൊലീസുകാരും.
![Policemen Suspended illegal friendship with Sand Mafia Sand Mafia Kerala Police Chief Police Chief issued suspension order to officers 22 Policemen Suspended കള്ളനും പൊലീസും 24 എസ്എച്ച്ഒമാർക്ക് സസ്‌പെന്‍ഷന്‍ എസ്എച്ച്ഒമാർക്ക് സസ്‌പെന്‍ഷന്‍ ണല്‍ മാഫിയയുമായുള്ള ബന്ധം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി പൊലീസ് മേധാവി തിരുവനന്തപുരം കൂട്ടനടപടി മണല്‍ മാഫിയ പൊലീസ് മേധാവി അനിൽകാന്ത് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/17543059_visual-1.jpg)
ഇനി 'എല്ലാം ശരിയാകും': ഇത്തരം സംഘങ്ങൾക്കെതിരെ വിവാദം ഉണ്ടാകുമ്പോൾ ചെറിയ നടപടികൾ ഉണ്ടാകുമെങ്കിലും ഇത്തരത്തിൽ കടുത്ത നടപടി ഇതാദ്യമായാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ആരംഭിച്ച, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി, സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ഡിജിപി അനിൽകാന്ത് വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു.
നടപടി ആര്‍ക്കെതിരെ : അതേസമയം ക്രിമിനൽ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇന്‍റലിജൻസ് സർക്കാരിന് കൈമാറിയിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്‌തിരുന്നു. തുടർന്നാണ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ശുദ്ധികലശത്തിന് തുടക്കം കുറിക്കുന്നത്. ഇതിന്‍റെ ഭാഗമായി തലസ്ഥാനത്ത് മാത്രം പത്തോളം പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരാണ് കടുത്ത നടപടി നേരിടുന്നവരിൽ കൂടുതൽ. ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട പി.ആർ സുനുവിനെയും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു.