തിരുവനന്തപുരം: 'ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. വോട്ട് കുത്തിയ ജനങ്ങൾ തിരിച്ചു കൊത്തും'. ഇത് മുന്നറിയിപ്പല്ല. കല്ലാട്ടുമുക്ക് നിവാസികളുടെ താക്കീതാണ്. പൊട്ടിപ്പൊളിഞ്ഞ് ഭീമൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട കല്ലാട്ട്മുക്ക് - കമലേശ്വരം റോഡിലൂടെ ഇന്ന് കാൽനടയാത്ര പോലും സാധ്യമല്ല. കാലവർഷം കനത്ത് റോഡ് ചെളിക്കുണ്ടായിമാറിയതോടെ കാൽനട, ഇരുചക്രവാഹനയാത്രക്കാരും കുട്ടികളും ഏറെ ദുരിതമനുഭവിക്കുകയാണ്.
തകർന്നു കിടക്കുന്ന കല്ലാട്ട്മുക്ക് റോഡിന്‍റെ ഇരുവശങ്ങളിലും മധ്യഭാഗത്തും ഭീമൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
അശാസ്‌ത്രീയമായ ഡ്രെയിനേജ് സംവിധാനം: പലപ്പോഴും നാട്ടുകാരാണ് രക്ഷകരാകുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അശാസ്‌ത്രീയമായ ഡ്രെയിനേജ് സംവിധാനമാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
പകലും രാത്രിയും ഇവിടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടാറുള്ളത്. വാഹനങ്ങൾ കുഴികളിൽ മറിഞ്ഞ് വീണ് രാത്രി കാലങ്ങളിലാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. നാട്ടുകരുടെ പ്രതിഷേധം കഴിഞ്ഞ സെപ്റ്റംബറിൽ കല്ലാട്ട്മുക്ക് റോഡിൻ്റെ ഒരു ഭാഗം 25 ലക്ഷം രൂപ ചെലവിൽ ടൈലുകൾ പാകി പുനർനിർമ്മിച്ച് യാത്രായോഗ്യമാക്കിയിരുന്നു.
ഫണ്ട് അനുവദിച്ചെങ്കിലും പ്രയോജനമില്ല: ആറ് മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ സമഗ്ര വികസനത്തിനായി 8 കോടി രൂപ അനുവദിച്ചു. എന്നാൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. റോഡിൽ അപകടങ്ങൾ പതിവായതോടെ നാട്ടിലെ യുവാക്കൾ മെറ്റലുകൾ ഉപയോഗിച്ച് കുഴി നികത്താനുള്ള ശ്രമങ്ങളും നടത്തി.
റോഡിലെ വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ പ്രതിഷേധ ബോർഡുകളും സ്ഥാപിച്ചു. കുഴികളിൽ വീണ് വാഹനങ്ങൾ തകരാറിലാകുന്നതും പതിവ് കാഴ്‌ചയാണ്. മെയിൻറനൻസ് ചെലവ് ഭയന്ന് ഓട്ടോത്തൊഴിലാളികൾ ഈ റോഡിലൂടെ സവാരി പോകാനും മടിക്കുകയാണ്. അതേസമയം നവീകരണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉടൻ ആരംഭിക്കുമെന്ന് കമലേശ്വരം വാർഡ് കൗൺസിലർ വി.വിജയകുമാരി പറഞ്ഞു.