തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ മുന്നോട്ടുപോക്കിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ യാത്ര, ലക്ഷ്യമിട്ടതിനേക്കാള്‍ ഗുണഫലമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്ന പഠന ഗവേഷണ മേഖലയിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാളി സമൂഹവുമായുള്ള ആശയ വിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കല്‍ എന്നിവയിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. നാളെയുടെ പദാര്‍ഥം എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും': ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ, എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. യുകെയുടെ ഭാഗമായ വെയില്‍സിലും കൂടിക്കാഴ്‌ചകള്‍ നടത്തി. ലോക കേരള സഭയുടെ യൂറോപ്പ്, യുകെ മേഖല സമ്മേളനത്തില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളത്തെ മാറ്റുക, വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രവാസി സമൂഹത്തിന്‍റെ പിന്തുണ ആ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്‌ത ഈ നിര്‍ദേശങ്ങള്‍ ലോക കേരള സഭ സെക്രട്ടേറിയറ്റ് പരിശോധിച്ചു കൈമാറും. ഈ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാകുന്നതിനുള്ള അര്‍ഥവത്തായ ഇടപെടല്‍ സാധ്യമായി.
2022 ജൂലൈ ഒന്നിന് യുകെയില്‍ നിലവില്‍ വന്ന സ്റ്റാച്യൂട്ടറി സംവിധാനമായ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്‌ണര്‍ഷിപ്പ് ധാരണാപത്രത്തില്‍ കേന്ദ്രാനുമതിയോടെ ഒപ്പിട്ടു. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുന്നതിനായി നവംബര്‍ മാസത്തില്‍ ഒരാഴ്‌ചയോളം നീളുന്ന യുകെ എംപ്ലോയ്‌മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്ന് അദ്ദേഹം വിവരിച്ച കാര്യങ്ങളില്‍ മിക്കതും വിദേശയാത്രാക്കാലത്ത് ദിനം പ്രതി മുഖ്യമന്ത്രിയുടെ ഓഫിസ് വൈകുന്നേരങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിന്നുള്ളവയായിരുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.