തിരുവനന്തപുരം : മെറ്റയുടെ പുതിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് മണിക്കൂറിനകം 21.3 കെ ഫോളോവേഴ്‌സ്. മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ഇന്നുമുതല്‍ പങ്കുവച്ചുതുടങ്ങി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട് കേരളം ഒന്നാം സ്ഥാനത്തെത്തിയെന്നതിനെ അനുകരണീയമായ നേട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ത്രെഡ്‌സിലെ പ്രഥമ പോസ്റ്റ്.
എഫ്ബിയിൽ പിണറായി വിജയന്‍റെ സ്വകാര്യ പ്രൊഫൈലിൽ 1.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. സിഎംഒ കേരള പേജില്‍ 961 കെ ഫോളോവേഴ്‌സ് ഉണ്ട്. ട്വിറ്ററിൽ പിണറായി വിജയന്‍റെ വ്യക്തിഗത അക്കൗണ്ടിന് ഒരു മില്യൺ ഫോളോവേഴ്‌സും ഉണ്ട്. മെറ്റ, ത്രെഡ്‌സ് ആരംഭിച്ചതോടെ മുഖ്യമന്ത്രി ഇവിടെയും ചുവടുറപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രൊഫൈല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 352 ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അക്കൗണ്ടിന് ആദ്യ ഏഴ് മണിക്കൂറിനുള്ളിൽ 13 കെ ഫോളോവേഴ്‌സ് ഉണ്ട്. ട്വിറ്ററിൽ 89.9 മില്യൺ ഫോളോവേഴ്‌സും 48 മില്യൺ ഫോളോവേഴ്‌സും ഉള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ത്രെഡ്‌സില്‍ പ്രൊഫൈല്‍ ആരംഭിച്ചിട്ടില്ല.
തൊഴിലുറപ്പിൽ കേരളത്തിന്‍റെ നേട്ടം പങ്കുവച്ച് മുഖ്യമന്ത്രി : 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ച് കേരളം അഖിലേന്ത്യ ശരാശരിയെ മറികടന്നതാണ് മുഖ്യമന്ത്രിയുടെ ആദ്യ ത്രെഡ്‌സ് പോസ്റ്റ്. 15,51,272 കുടുംബങ്ങളെ ശാക്തീകരിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി കുറിച്ചു. ആകെ സൃഷ്‌ടിച്ച 965.67 തൊഴില്‍ ദിനങ്ങളില്‍ 867.44 ലക്ഷം തൊഴില്‍ ദിനങ്ങളും വനിതകള്‍ക്ക് വേണ്ടിയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനങ്ങളുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും ത്രെഡ്‌സിലെ പ്രഥമ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്ന സ്‌ത്രീ തൊഴിലാളികളുടെ ചിത്രം കൂടി അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് കണക്കുകള്‍ സഹിതം പുറത്തുവിട്ടത് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷാണ്.
also read : യുവതികളേ വരൂ, സിനിമ സാങ്കേതിക വിദ്യകള്‍ പഠിക്കാം ; ചലച്ചിത്ര അക്കാദമിയില്‍ സൗജന്യ തൊഴില്‍ പരിശീലനം
2022-23 സാമ്പത്തിക വര്‍ഷം കേന്ദ്രം അംഗീകരിച്ചത് 950 ലക്ഷം തൊഴില്‍ ദിനങ്ങളാണ്. എന്നാല്‍ കേരളം അതിനെയും മറികടന്ന് 966.76 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചു. തൊഴില്‍ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങള്‍ക്കും നല്‍കാനായെന്നാണ് തദ്ദേശഭരണ വകുപ്പിന്‍റെ അവകാശ വാദം.
എന്താണ് മെറ്റത്രെഡ്‌സ് ? ഇൻസ്‌റ്റഗ്രാമിന്‍റെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത പതിപ്പാണ് മെറ്റത്രെഡ്‌സ്. ഓൺലൈനിൽ തത്സമയ സംഭാഷണങ്ങൾക്കായുള്ള ഒരിടമാണ് മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് വാഗ്‌ദാനം ചെയ്യുന്നത്. ഫോട്ടോയ്‌ക്കും വീഡിയോകൾക്കും ഇൻസ്‌റ്റഗ്രാം എന്നത് പോലെ ടെക്‌സ്‌റ്റ് ഉള്ളടക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലാണ് ത്രെഡ്‌സ് പുറത്തിറക്കിയിട്ടുള്ളത്.
ഒരു 'ത്രെഡ്' ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും മറുപടി നൽകാനുമുള്ള ബട്ടണുകളും ഒരു പോസ്റ്റിന് ലഭിച്ച ലൈക്കുകളുടെയും മറുപടികളുടെയും എണ്ണം കാണിക്കുന്ന ഒപ്‌ഷനുകളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു പോസ്‌റ്റിൽ 500 അക്ഷരങ്ങളാണ് ഉൾക്കൊള്ളിക്കാനാകുക. യുഎസ്, യുകെ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ജപ്പാൻ എന്നിവയുൾപ്പടെ 100ലധികം രാജ്യങ്ങളിലെ ആപ്പിൾ, ഗൂഗിൾ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ഇന്നലെ അർധരാത്രിക്ക് ശേഷം ആപ്പ് ലഭ്യമായി തുടങ്ങി. യൂറോപ്യൻ യൂണിയനിൽ ഇതുവരെ ത്രെഡ്‌സ് പുറത്തിറക്കിയിട്ടില്ല.