തിരുവനന്തപുരം : അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ തിരുവനന്തപുരം ഏജീസ് ഓഫിസ് ജീവനക്കാരായ ഇതര സംസ്ഥാന കുടുംബം ഇപ്പോഴും ഭയചകിതരാണ്. ഉടന്‍ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറാനൊരുങ്ങുകയാണ് ഈ ഉത്തരേന്ത്യന്‍ കുടുംബം.
ആറുവര്‍ഷമായി തിരുവനന്തപുരം പേട്ട അമ്പലത്തുമുക്കില്‍ വര്‍ഷങ്ങളായി വാടകയ്‌ക്ക് താമസിച്ചിരുന്ന വീട് ഒഴിയാനാണ് ഹരിയാന സ്വദേശി രവി യാദവ്, ഉത്തര്‍ പ്രദേശ് സ്വദേശി ജഗത് സിങ് എന്നിവര്‍ ആലോചിക്കുന്നത്.
ആക്രമണം ഭാര്യമാരെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തതിന്
കഴിഞ്ഞ ഞായറാഴ്‌ചയാണ് ഭാര്യമാര്‍ക്കൊപ്പമുള്ള സായാഹ്ന നടത്തത്തിനിടെ ഇരുവരും അജ്ഞാതരുടെ ആക്രമണത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന ഭാര്യമാരെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തതിനാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.
Read more: ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്‌ത ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു
ഞാറാഴ്‌ച രാത്രി 8.30ന് നടത്തം കഴിഞ്ഞ് ഭാര്യമാര്‍ക്കൊപ്പം വാടക വീട്ടിലേക്ക് മടങ്ങിവരവേയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ ഇവരെ ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പൊലീസിന് നന്ദി അറിയിച്ച് കുടുംബം
പൊലീസിന്‍റെ സമയോചിതമായ ഇടപെടലും സഹായവും ലഭിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും നന്ദി രേഖപ്പെടുത്തുന്നതായും കുടുംബം അറിയിച്ചു.
Also Read: ഊബര്‍ ഡ്രൈവറുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍
ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഇവിടെ താമസിക്കുന്നതിനിടയില്‍ ഇത്തരമൊരു സംഭവം പോലും ഉണ്ടായിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ വളരെ നല്ലവരാണെന്നും ഈ വാര്‍ത്തയറിഞ്ഞ് ധാരാളം മലയാളികള്‍ തങ്ങളെ വിളിക്കുന്നുണ്ടെന്നും അതില്‍ നന്ദിയുണ്ടെന്നും ആക്രമണത്തിനിരയായവര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
അജ്ഞാതരുടെ ഭീഷണി തുടരുന്നു
രവി യാദവിന്‍റെ കൈയ്ക്കും ജസ്വന്തിന്‍റെ കാലിനുമാണ് പരിക്കേറ്റത്. കുഞ്ഞുങ്ങളെ വെട്ടിക്കൊല്ലുമെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സ നേടി വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഭീഷണി തുടർന്നതായി പൊലീസിന് നൽകിയ പരാതിയിൽ ഇവർ വ്യക്തമാക്കുന്നു.
അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Also Read: കവിയൂർ പീഡനക്കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി