തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പൊലീസ് വീണ്ടും നിയമോപദേശം തേടും. കേസിന്‍റെ തുടരന്വേഷണം എവിടെ നടത്തണമെന്ന കാര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിനോട് ഡിജിപി നിയമോപദേശം തേടുക. പെണ്‍സുഹൃത്ത് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയാണ് പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.
സംഭവം നടന്നത് തമിഴ്‌നാട്ടില്‍: കേസിലെ പ്രതിയായ ഗ്രീഷ്‌മയുടെ വീട് തമിഴ്‌നാട്ടിലാണ്. ഈ വീട്ടില്‍ വച്ചാണ് ഗ്രീഷ്‌മ കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. അതിനാല്‍ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് റൂറല്‍ എസ്‌പിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് എജിയില്‍ നിന്ന് വിശദമായ നിയമോപദേശം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്.
കേസ് തമിഴ്‌നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് വിശദമായി തന്നെ നിയമോപദേശം തേടുന്നത്. കേസ് തമിഴ്‌നാടിന് കൈമാറാതിരിക്കുന്നത് ദോഷകരമായി ബാധിക്കുമെന്നും കേസ് പരിധി സംബന്ധിച്ച് പ്രതികള്‍ ഭാവിയില്‍ നിയമപ്രശ്‌നം ഉയര്‍ത്തുമെന്നാണ് റൂറല്‍ എസ്‌പിക്ക് ലഭിച്ച നിയമോപദേശം.