തിരുവനന്തപുരം: സർക്കാരിൻ്റെ വിവിധ ആഘോഷങ്ങളുടെ പേരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമേൽ വൻ സാമ്പത്തിക ബാധ്യത അടിക്കടി അടിച്ചേൽപ്പിക്കുന്ന തദ്ദേശഭരണ വകുപ്പിനെതിരെ പ്രതിഷേധം ശക്തം. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ് വകുപ്പെന്നാണ് വിമര്‍ശനം. വകുപ്പ് നടപടിക്കെതിരെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇപ്പോള്‍.
തദ്ദേശഭരണ വകുപ്പ് മന്ത്രി എംബി രാജേഷിൻ്റെ മണ്ഡലമായ തൃത്താലയിൽ, ഫെബ്രുവരി 19ന് സംഘടിപ്പിക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും വിഹിതം നല്‍കണമെന്നാണ് ഒടുവിലായി വന്ന ഈ നിർദേശം. ഇതാണ് അധ്യക്ഷൻമാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഏകീകരണം നടന്ന ശേഷം ആദ്യമായി നടക്കുന്ന ദിനാഘോഷത്തിന് സംസ്ഥാനത്തെ ഓരോ ഗ്രാമപഞ്ചായത്തും 30,000 രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകൾ 70,000 രൂപ വീതവും ജില്ല പഞ്ചായത്തുകൾ രണ്ട് ലക്ഷം വീതവും മുനിസിപ്പാലിറ്റികൾ 1.25 ലക്ഷം രൂപ വീതവും കോർപ്പറേഷനുകൾ അഞ്ച് ലക്ഷം വീതവും നൽകണമെന്നാണ് നിർദേശം.
അടൂർ ഗോപാലകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത 'സ്വയംവരം' സിനിമയുടെ സുവർണ ജൂബിലി ആഘോഷ ചെലവിലേക്ക് പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ സംഭാവന നൽകണമെന്ന് ജനുവരി നാലിന് ഇറക്കിയ ഉത്തരവിൻ്റെ വിവാദം കെട്ടടങ്ങും മുൻപാണ് പുതിയ നിർദേശം. വിനോദ പരിപാടികൾ, പ്രദർശനങ്ങൾ, സൗജന്യ ചികിത്സ കാമ്പുകൾ തുടങ്ങിയ പരിപാടികൾക്കായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ അസാധാരണ ചെലവ് എന്ന പേരിൽ ഒരു ഹെഡ് ഓഫ് അക്കൗണ്ട് തന്നെ ട്രഷറികളിൽ നിലവിലുണ്ട്.
പ്രശ്‌നം, ആവശ്യമായ ഫണ്ടില്ലാത്തത്: പഞ്ചായത്തുകളുടെ മുൻവർഷത്തെ മിച്ച ഫണ്ടിന്‍റെ 20 ശതമാനത്തില്‍ കൂടാത്തതും ഒരു ലക്ഷത്തിൽ കൂടാത്തതുമായ തുകയാണ് ഈ ഹെഡില്‍ നൽകേണ്ടത്. എന്നാൽ, ഇതിലും കൂടിയ തുക നൽകണമെന്നാണ് പലപ്പോഴും തദ്ദേശഭരണ വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നത്. സർക്കാർ സ്ഥാപനങ്ങളും സർക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന പരിപാടികൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് കൈവശമുണ്ടെങ്കിൽ സാമ്പത്തിക പിന്തുണ നൽകുന്നതിൽ തെറ്റില്ലെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ പറയുന്നു. എന്നാൽ, ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന സമയത്ത് ഇത്തരത്തിലുള്ള പണപ്പിരിവിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ഏതാനും, മാസം മുന്‍പ് കൊല്ലം ജില്ലയിൽ സംഘടിപ്പിച്ച പട്ടയ മേള വലിയ ആഘോഷമാക്കി മാറ്റാൻ ജില്ലയിലെ പഞ്ചായത്തുകളിൽ നിന്ന് ഒരു ലക്ഷം രൂപയാണ് പിരിച്ചത്. നഗരസഭകളിൽ നിന്ന് രണ്ട് ലക്ഷവും. ആലപ്പുഴയിലെ യോഗ അസോസിയേഷൻ കഴിഞ്ഞ വർഷം നടത്തിയ യോഗ ചാമ്പ്യൻഷിപ്പിന് കോർപ്പറേഷൻ 50,000, നഗരസഭ 25,000 എന്നിങ്ങനെയായിരുന്നു പിരിവ്. ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ എറണാകുളത്ത് നടക്കുന്ന ടെക്നോളജിക്കൽ കോൺക്ലേവിൻ്റെ 2.80 കോടി ചെലവിലേക്കായി തദ്ദേശസ്ഥാപനങ്ങളുടെ വക കോർപ്പറേഷൻ അഞ്ച് ലക്ഷവും നഗരസഭ ഒരു ലക്ഷവും ഗ്രാമപഞ്ചായത്ത് കാൽലക്ഷം രൂപയും നൽകണമെന്ന് നിർദേശം. തനത് ഫണ്ടില്ലാതെ പല ഗ്രാമപഞ്ചായത്തുകളും പ്രയാസപ്പെടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ സാമ്പത്തിക ഭാരം എന്തിന് തങ്ങളുടെ ചുമലിലേക്കിടുന്നു എന്നാണ് തദ്ദേശഭരണ അധ്യക്ഷൻമാരുടെ ചോദ്യം.