തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ആദ്യദിനം വിദ്യാലയങ്ങളിൽ എത്തിയത് 12 ലക്ഷത്തിലധികം കുട്ടികൾ (1208290). എട്ട്, ഒമ്പത് ക്ലാസുകൾ ഒഴികെയുള്ള കണക്കാണിത്. 1.11 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്.
രണ്ടാം ക്ലാസിൽ 1.07 ലക്ഷം കുട്ടികളുമെത്തി. പത്താം ക്ലാസിലാണ് ഏറ്റവുമധികം കുട്ടികളെത്തിയത്. 2.37 ലക്ഷം പത്താം ക്ലാസ് വിദ്യാർഥികളാണ് ഇത്തവണ ആദ്യദിനം ക്ലാസിലേക്കെത്തിയത്.
സംസ്ഥാനത്ത് ആകെ 42 ലക്ഷം സ്കൂൾ വിദ്യാർഥികളാണുള്ളത്. ക്ലാസിൽ എല്ലാ കുട്ടികളും ഒരേദിവസം ഹാജരാകേണ്ടതില്ല. കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാൽ ചില സ്കൂളുകളിൽ രണ്ടും ചിലയിടത്ത് മൂന്നും ഷിഫ്റ്റുകളായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ALSO READ:ജോജുവിന്‍റെ വാഹനം തകര്‍ത്ത സംഭവം : പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍
അസൗകര്യങ്ങളെ തുടർന്ന് 131 വിദ്യാലയങ്ങൾക്ക് ഇനിയും തുറന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടും, കണ്ടെയിൻമെന്‍റ് സോണും ദുരിതാശ്വാസ ക്യാമ്പുകളും ഉള്ള സ്കൂളുകളാണ് തുറന്ന് പ്രവർത്തിക്കാതിരുന്നത്.
ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആകെ 144531 അധ്യാപകരാണ് ഹാജരായത്. ഹയർസെക്കൻഡറി, വൊക്കേഷണൽ വിഭാഗങ്ങളിലായി 28314 അധ്യാപകരും ഹാജരായി. നവംബർ 15 മുതൽ എട്ട്, ഒമ്പത് ക്ലാസുകൾ കൂടി പുനരാരംഭിക്കും.