തിരുവനന്തപുരം: നിലമ്പൂർ ആസ്ഥാനമാക്കി സംസ്ഥാനത്തെ ആറാമത്തെ പൊലീസ് ബറ്റാലിയൻ ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനിൽ നിയമിക്കുക. മൂന്ന് വർഷത്തിന് ശേഷം പൂർണതോതിൽ ബറ്റാലിയൻ സജ്ജമാകുമ്പോൾ 1000 പേരാകും ബറ്റാലിയനിൽ ഉണ്ടാകുക. ഇതിൽ പകുതി പേർ വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താൽകാലികമായാണ് ബറ്റാലിയന്‍റെ ആസ്ഥാനം നിലമ്പൂരാക്കുന്നത്. പിന്നീട് ആസ്ഥാനം കോഴിക്കോടേക്ക് മാറ്റും. ഡിവൈഎസ്.പിമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 25 പുതിയ പൊലീസ് സബ് ഡിവിഷനുകൾ രൂപീകരിക്കാനും തീരുമാനിച്ചു. നിലവിൽ 60 സബ് ഡിവിഷനുകളാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് റൂറലുകളിലും വയനാടും പുതിയ വനിത പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. സൈബർ സെല്ലുകളെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളാക്കി മാറ്റാനും തീരുമാനിച്ചു. കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങൾക്ക് പുറമെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സോഷ്യൽ പൊലീസിങ് വിഭാഗം രൂപീകരിക്കും. ഇതിനായി ഐജി റാങ്കിലുള്ള ഡയറക്‌ടറുടെ നേതൃത്വത്തിൽ സോഷ്യൽ പൊലീസിങ് ഡയറക്‌ടറേറ്റ് രൂപീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. കണ്ണൂർ ജില്ലയെ വിഭജിച്ച് കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നീ പൊലീസ് ജില്ലകൾക്ക് രൂപം നൽകും. പുതിയതായി നിർമിച്ച വർക്കല, പൊൻമുടി പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും, കൊല്ലം റൂറൽ കമാൻഡ് സെന്‍ററിന്‍റെയും ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി നിർവഹിച്ചു.