തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ വള്ളം കളി പ്രേമികള്‍ക്ക് കെഎസ്‌ആര്‍ടിസി അവസരം ഒരുക്കുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്‌ത് ആലപ്പുഴ പുന്നമട കായലിലെ ജലോത്സവത്തില്‍ പങ്കെടുക്കാം. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക സര്‍വിസ് ഒരുക്കുന്നത്.
വള്ളം കളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്‌ആര്‍ടിസിയില്‍ യാത്ര സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസുകള്‍ തയ്യാറാക്കി നെഹ്‌റു ട്രോഫി വള്ളം കളിയുടെ 500, 1000 രൂപയിലുള്ള ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ് പ്രവേശനം. പൊതുജനങ്ങൾക്ക് വള്ളംകളി ടിക്കറ്റുകൾ വാങ്ങുന്നതിനായി ആലപ്പുഴ കെഎസ്‌ആർടിസി ഡിപ്പോയിൽ പ്രത്യേക കൗണ്ടറിന്‍റെ പ്രവര്‍ത്തനം ഇന്ന് (29.08.2022) ആരംഭിക്കും.
എല്ലാ തരം പ്രവേശന പാസുകളും ഈ കൗണ്ടറില്‍ നിന്ന് ലഭ്യമാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആലപ്പുഴ പുന്നമട കായലില്‍ സെപ്‌റ്റംബര്‍ നാലിനാണ് ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത്.