തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിടിച്ച 136 കോടി രൂപ ഇതുവരെ ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല. ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിമൂലമാണ് തുക കൈമാറാത്തതെന്ന് വിചിത്ര ന്യായീകരണമാണ് കെഎസ്ഇബി ചെയര്‍മാന്‍ ഇതിന് കാരണമായി പറയുന്നത്. അതെസമയം, സാലറി ചലഞ്ചിൽ പിരിച്ച തുക ദുരിതാശ്വാസ നിധിയിലേക് ഉടൻ കൈമാറുമെന്ന് വൈദ്യുത മന്ത്രി എം എം മണി അറിയിച്ചു. ബോർഡിന്‍റെ സാമ്പത്തിക ബാധ്യത ഇതിന് തടസമാകില്ലെന്നും മന്ത്രി പറഞ്ഞു. തുക ഉടൻ കൈമാറുമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു.
കെഎസ്ഇബി മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 102.61 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി ശരാശരി 14.65 കോടി വീതം ജീവനക്കാരുടെ കൈയില്‍ നിന്നും പുനര്‍നിമ്മാണത്തിന്‍റെ പേരില്‍ ബോര്‍ഡ് സ്വന്തം അക്കൗണ്ടിലാക്കി. എന്നാല്‍ സാലറി ചാലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തിനായി ജീവനക്കാര്‍ നല്‍കിയ വിഹിതത്തിന്‍റെ 95 ശതമാനവും ബോര്‍ഡ് സ്വന്തം അക്കൗണ്ടില്‍ വച്ചിരിക്കുകയാണ്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
2018 സെപ്റ്റംബര്‍ മുതലാണ് സാലറി ചാലഞ്ചിലൂടെ ജീവനക്കാര്‍ 10 മാസതവണകളായി ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജീവനക്കാര്‍ സാലറിചലഞ്ചില്‍ പങ്കാളികളായത്. സംസ്ഥാനത്തെ എല്ലാവകുപ്പുകളിലേയും ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഈ സാലറി ചലഞ്ചില്‍ പങ്കെടുത്തവരാണ്. പ്രളയാനന്തരം ഡാമുകള്‍ തുറന്ന് വിടാന്‍ വൈകിയതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ബോര്‍ഡ് വിഹിതമായി 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും വിഹിതമായി 13.5 കോടി രൂപയും 2018 സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.