തിരുവനന്തപുരം: സംസ്ഥാനത്തെ ഷവര്‍മ വില്‍പ്പന സ്ഥാപനങ്ങളില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്നറിയാനുള്ള ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിലവാരം ഉയര്‍ത്തുന്നതിന് 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴയായി 3.43 ലക്ഷം രൂപ ഈടാക്കുകയും ചെയ്‌തു.
ഷവര്‍മ വില്‍പ്പന സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍:
- സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക.
- വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാചകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല.
- ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ ഭക്ഷ്യ വസ്‌തുക്കള്‍ കൊണ്ട് പോകുകയോ ചെയ്യരുത്.
ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍, എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗ നിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. പരിശോധനകള്‍ വരും ദിവസങ്ങളിലും കര്‍ശനമായി തുടരും. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.