തിരുവനന്തപുരം: രാജ്യത്തെ വലിയ വികസന പ്രവർത്തനമായ വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണം തടസപ്പെടുത്തുന്നത് രാജ്യദ്രോഹമാണെന്ന് ഫിഷറീസ് മന്ത്രി വി അബ്‌ദു റഹിമാൻ. ഗുണ്ടകളും പത്ത് പ്രതിഷേധക്കാരുമുണ്ടെങ്കിൽ ഏത് വികസന പദ്ധതിയും തടസപ്പെടുത്താൻ കഴിയില്ല. ഇത്തരം പദ്ധതികൾ പകുതി വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഗെയിൽ പദ്ധതിയിലടക്കം ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുമായി ചർച്ചകൾ നിരവധി തവണ നടത്തിയിട്ടുണ്ട്. എന്നാൽ ഒരാഴ്‌ചയെങ്കിലും നിർമാണം നിർത്തിവയ്‌ക്കണമെന്നാണ് അവരുടെ ആവശ്യം. ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത് സമരമല്ല, പകരം മറ്റെന്തോ ലക്ഷ്യമിട്ടുള്ള നീക്കമാണ്.
ഒരു കാരണവശാലും സർക്കാർ പിന്നോട്ട് പോകില്ല. ഇവിടെ നിയമ സംവിധാനമുണ്ട്. സർക്കാർ അതനുസരിച്ച് പ്രവർത്തിക്കും. നിശ്ചയിച്ച സമയത്ത് തന്നെ തുറമുഖത്തിൻ്റെ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ലത്തീൻ അതിരൂപതയടക്കം പ്രതിഷേധക്കാർ യാഥാർഥ്യം മനസിലാക്കണം.
കേരളത്തിൻ്റെ വികസനത്തിന് ഇത് അനിവാര്യമാണെന്ന് മനസിലാക്കി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സംബന്ധിച്ച വിദഗ്‌ധ സംഗമത്തിലും സെമിനാറിലും സംസാരിക്കുകയായിരുന്നു മന്ത്രി.