തിരുവനന്തപുരം: എംജി റോഡിലെ പാര്‍ക്കിങ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകയ്ക്ക് നല്‍കിയ കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. പാര്‍ക്കിങ്ങിന് നല്‍കിയ കരാറിലെ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ കരാര്‍ റദ്ദാക്കിയത്. കരാര്‍ നിയമവിരുദ്ധമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ട്രാഫിക് ഉപദേശ സമിതിയുടെ തീരുമാന പ്രകാരമാണ് പൊതുമരാമത്ത് റോഡ് വാടകയ്ക്ക് നല്‍കിയതെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സമിതിക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ ആരോപണം. കരാറില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ കടുത്തതോടെയാണ് കോര്‍പ്പറേഷന്‍ കരാര്‍ റദ്ദാക്കിയത്. പാര്‍ക്കിങ്ങിനായി നല്‍കിയ ഭാഗത്ത് കൂടിയുള്ള കാല്‍നടയാത്ര തടസപ്പെടുത്തരുത്, മറ്റ് വാഹനങ്ങളുടെ പാര്‍ക്കിങ് തടസപ്പെടുത്തരുത് തുടങ്ങിയവയാണ് കരാറിലുണ്ടായിരുന്നത്.
കോര്‍പ്പറേഷന്‍റെ എഞ്ചിനീയറിങ് വിഭാഗത്തെ കരാര്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് എഞ്ചിനീയറിങ് വിഭാഗം കരാറിലെ നിബന്ധനകള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് തിടുക്കപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറി കരാര്‍ റദ്ദാക്കി ഉത്തരവിറക്കിയത്.